മല്ലപ്പള്ളി: കെ.എസ്.ആർ.ടി. മല്ലപ്പള്ളി സബ് ഡിപ്പോ തകർക്കാൻ ഗൂഢനീക്കം നടക്കുന്നതായി ആക്ഷേപം. ഇവിടെ സർവീസ് നടത്തിയിരുന്ന 14 ബസുകൾ മടക്കി വിവിധ റീജിനൽ വർക്ക്‌ഷോപ്പുകളിലേക്ക് അയക്കാനുള്ള ഉത്തരവ് എത്തി. കഴിഞ്ഞ ദിവസം നാലു ബസുകൾ മാവേലിക്കര റീജിനൽ വർക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോയതിന് പിന്നാലെ 10 ഓർഡിനറി ബസുകൾ ഉടൻ മലപ്പുറം എടപ്പാൾ റീജിനൽ വർക്ക്‌ഷോപ്പിൽ എത്തിക്കാനാണ് ഉത്തരവ്. ഇവിടെ ഉണ്ടായിരുന്ന 39 ബസുകളിൽ 6 ഫാസ്റ്റും ബാക്കി ഓർഡിനറി, വേണാട് ബസുകളാണ്. പുതിയ ബസുകൾ അനുവദിക്കാതെ കൂട്ടത്തോടെ ഇത്രയും ബസുകൾ ഇവിടെ നിന്നും കൊണ്ടുപോകുന്നതുകൊണ്ട് ഗ്രാമീണ മേഖലയിൽ യാത്രാ ദുരിതം വർദ്ധിക്കും. 6 ഫാസ്റ്റ് പാസഞ്ചർ ബസുകൾ രാവിലെ മല്ലപ്പള്ളി വിട്ടാൽ രാത്രി വൈകി തിരിച്ചെത്തുന്ന ട്രിപ്പുകൾ ആയതിനാൽ സാധാരണ യാത്രക്കാർക്ക് പ്രയോജനം ചെയ്യാറില്ല. കോട്ടയം, കോഴഞ്ചേരി, ചുങ്കപ്പാറ, കല്ലൂപ്പാറ, തിരുവല്ല എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി. ബസുകളാണ് ട്രിപ്പുകൾ നടത്തിയിരുന്നത്. ബസുകൾ ഇല്ലാതാകുന്നതോടുകൂടി യാത്രദുരിതമാകും. കോട്ടയം - കോഴഞ്ചേരി ചെയിൻ സർവീസ് പൂർണമായി തകരും.

റിക്കാർഡ് കളക്ഷൻ നേടിയ ഡിപ്പോ

സ്വകാര്യ ബസ് ലോബിയുടെ വെല്ലുവിളികൾ അവഗണിച്ചാണ് അഡ്വ. മാത്യു ടി.തോമസ് ഗതാഗത മന്ത്രി ആയിരുന്നപ്പോഴാണ് കോട്ടയം - കോഴഞ്ചേരി ചെയിൻ സർവീസ് ആരംഭിച്ചത്. 35 ഷെഡ്യൂളുകൾ നടത്തി റിക്കാർഡ് കളക്ഷൻ നേടിയിരുന്ന ഡിപ്പോ തരംതാഴ്ത്താനും നിറുത്തലാക്കാനും മുൻപ് പലതവണ ശ്രമം നടന്നിരുന്നു. തിരഞ്ഞെടുപ്പിന്റെ മറവിൽ പ്രക്ഷോഭം ഉണ്ടാകില്ലെന്നുള്ള കണക്കുകൂട്ടലിലാണ് ഇപ്പോൾ ബസുകൾ കടത്തുന്നന്നെും, പുതിയ ബസുകൾ അനുവദിക്കാത്തതുമൂലം ജീവനക്കാരെ പിൻവലിക്കേണ്ടിവരുമെന്നും, മിനിമം കളക്ഷൻ ലഭിക്കാത്തതുമൂലം ഡിപ്പോ അടച്ചുപൂട്ടാനാണ് നീക്കമെന്നും ആക്ഷേപമുണ്ട്.

-14 ബസുകൾ വിവിധ റീജിനൽ വർക്ക്‌ഷോപ്പുകളിലേക്ക് അയക്കാൻ ഉത്തരവ്

-39 ബസുകളിൽ 6 ഫാസ്റ്റും ബാക്കി ഓർഡിനറി, വേണാട് ബസുകളും