തിരുവല്ല: കൊവിഡ് ചട്ടങ്ങൾ പാലിക്കാതെയുള്ള ഹോട്ടലിന്റെ പ്രവർത്തനം ചോദ്യം ചെയ്ത പെരിങ്ങരയിലെ വനിത ഗ്രാമപഞ്ചായത്തംഗത്തിന് നേരെ അസഭ്യവർഷം നടത്തിയതായി പരാതി. പെരുംതുരുത്തി ഇന്ത്യൻ ഓയിൽ പമ്പിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലുടമയ്ക്കും ജീവനക്കാർക്കുമെതിരെയാണ് പെരിങ്ങര ആറാം വാർഡ് മെമ്പറായ ശർമിള സുനിൽ തിരുവല്ല ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. ലോക്ക്ഡൗൺ ദിനമായിരുന്ന ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിയ്ക്കിടയാക്കിയ സംഭവം. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ഹോട്ടലിൽ എത്തിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ആഹാര സാമഗ്രികൾ പാർസലായി മാത്രം നൽകുവാൻ ആവശ്യപ്പെട്ടെങ്കിലും ഹോട്ടലുടമ ഇത് വകവെക്കാതിരുന്നതിനെ തുടർന്ന് ഉദ്യോഗസ്ഥർ വിവരം വാർഡ് മെമ്പറായ ശർമിള സുനിലിനെ അറിയിക്കുകയായിരുന്നു. ഇക്കാര്യം അന്വേഷിച്ചെത്തിയ ശർമിളയ്ക്ക് നേരെയാണ് ഹോട്ടലുടമയും ജീവനക്കാരും ചേർന്ന് അസഭ്യം പറയുകയും അപമര്യാദയായി പെരുമാറിയതും. സംഭവത്തെത്തുടർന്ന് ഹോട്ടൽ താൽക്കാലികമായി അടച്ചിടാനും ലൈസൻസ് അടക്കമുള്ള രേഖകൾ മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാക്കാനും ഹോട്ടൽ ഉടമയ്ക്ക് നിർദേശം നൽകിയതായി പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് പറഞ്ഞു.