ആറന്മുള: ശബരിമലയിലേക്കുള്ള പരമ്പരാഗത തിരുവാഭരണ പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന ജോലികൾ ഇന്നലെ ആരംഭിച്ചു. മല്ലപ്പുഴശേരി, കോഴഞ്ചേരി വില്ലേജുകളുടെ പരിധിയിലാണ് ഒഴിപ്പിക്കൽ. മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നട മുതൽ പുന്നംതോട്ടം ക്ഷേത്രത്തിന് സമീപം വരെയും കോഴഞ്ചേരി വില്ലേജിൽ കോഴഞ്ചേരിയിലെ ജില്ലാ വ്യവസായ കേന്ദ്രത്തിന് സമീപം വരെയുള്ള ഭാഗങ്ങളിലുമാണ് ഒഴിപ്പിക്കലിന് മുന്നോടിയായുള്ള പ്രവൃത്തികൾ ഇന്നലെ നടന്നത്. കോഴഞ്ചേരി , ചെറുകോൽ പഞ്ചായത്തുകളിൽ ഇന്നും തുടരും . റവന്യു അധികൃതരുടെ നേതൃത്വത്തിൽ റവന്യു, പഞ്ചായത്ത്, മരാമത്ത് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും തിരുവാഭരണ പാത സംരക്ഷണ സമിതി പ്രവർത്തകരും പങ്കെടുത്തു. കൈയേറ്റ ഭാഗങ്ങൾ കണ്ടെത്തി മഹസർ തയ്യാറാക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയ ശേഷം കൈയേറ്റക്കാർക്ക് നോട്ടീസ് നൽകുന്നതിന് മുന്നോടിയായുള്ള ജോലികളാണ് ഒഴിപ്പിക്കലിന്റെ ഭാഗമായി നടക്കുന്നത്. കൈയേറ്റം കണ്ടെത്തിയ ഭാഗങ്ങളിൽ അതത് പഞ്ചായത്തുകളാണ് അതിര് കല്ലുകൾ നൽകേണ്ടത്. ഇതിന്റെ ഭാഗമായി മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്ത് അധികൃതർ കല്ലുകൾ നൽകി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒഴിപ്പിക്കൽ ജോലികൾ ആരംഭിച്ചത്. 10 വർഷം മുൻപ് കണ്ടെത്തിയ കൈയേറ്റങ്ങൾ ഇതുവരെയും ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കാത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോഴത്തെ നടപടിയെന്നും വിധി സ്വാഗതാർഹമാണെന്നും സമിതി ജന.സെക്രട്ടറി പ്രസാദ് കുഴിക്കാലാ പറഞ്ഞു.