അടൂർ : കൊവിഡ് വ്യാപനം ഏറെ ഭീഷണി ഉയർത്തിയിട്ടും അടൂർ കെ. എസ്. ആർ. ടി. സി ഡിപ്പോയിലെ ബസുകളിലെ അണുനശീകരണം പ്രഹസനത്തിലൊതുങ്ങുന്നു. അണു നശീകരണത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ട് സ്പ്രേയറുകൾ തകരാറിലാണ്. ഒരു സന്നദ്ധ സംഘടന വാങ്ങിനൽകിയ മറ്റൊരു സ്പ്രേയറാകട്ടെ ഉപയോഗിക്കാതെ സ്റ്റോറിൽ സൂക്ഷിച്ചിരിക്കുകയാണ്. അണുനശീകരണത്തിനാവശ്യമായ സാധനങ്ങൾ ശുചീകരണ വിഭാഗത്തിലേക്ക് ലഭ്യമാക്കുന്നില്ലെന്ന പരാതിയുമുണ്ട്. രാത്രിയിലാണ് ബസുകളിലെ ശുചീകരണം നടത്തുന്നത്.അണുനശീകരണം ഉറപ്പാക്കണമെന്നാണ് മുകളിൽനിന്നുള്ള നിർദ്ദേശം. നേരത്തെ സന്നദ്ധസംഘടനകൾ വാങ്ങിനൽകിയ അണുനാശക വസ്തുക്കൾ ഉപയോഗിച്ചായിരുന്നു ശുചീകരണം നടത്തിവന്നത്. നിലവിൽ കെ. എസ്. ആർ. ടി. സി മതിയായ സാധനങ്ങൾ ലഭ്യമാക്കുന്നില്ലെന്നതാണ് ശുചീകരണത്തിൽ താളപ്പിഴ ഉണ്ടാക്കാൻ ഇടയാക്കിയത്. മെക്കാനിക്കൽ ജീവനക്കാർക്ക് കൈകഴുകുന്നതിന് നൽകിവന്ന സോപ്പും കണ്ടക്ടർ, ഡ്രൈവർ എന്നിവർക്കുള്ള സാനിറ്റൈസറും ആവശ്യത്തിന് ലഭ്യമാക്കുന്നില്ലെന്ന പരാതിയുണ്ട്. ബസുകളുടെ അകവശം തൂത്ത് വൃത്തിയാക്കുക മാത്രമാണ് ഇപ്പോൾ നടക്കുന്നത്. അണുനശീകരണം നടത്താത്തതിനാൽ ബസുകളിലെ യാത്രക്കാർക്ക് രോഗബാധയ്ക്കുള്ള സാദ്ധ്യത ഏറെയാണ്. . ഇക്കാര്യത്തിൽ ഡിപ്പോ അധികൃതർ കാട്ടുന്ന അനാസ്ഥ ഒഴിവാക്കണമെന്ന ആവശ്യം വിവിധ യൂണിയൻ നേതാക്കളും ഉന്നയിക്കുന്നു.
------------
സുരക്ഷിത യാത്രയ്ക്ക് അവസരം ഒരുക്കികൊടുക്കേണ്ട കെ. എസ്. ആർ. ടി. സി യാതൊരു മുൻകരുതലും കൊവിഡ് വ്യാപനത്തിനെതിരെ സ്വീകരിക്കാത്തത് യാത്രക്കാരോട് കാട്ടുന്ന ക്രൂരതയാണ്. ബസുകളിൽ അണുനശീകരണം ഉറപ്പാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നുവരും.
അഡ്വ. ബിജു വർഗീസ്
ഡി. സി. സി ജനറൽ സെക്രട്ടറി