പത്തനംതിട്ട : ജില്ലാ പൊലീസ് കാര്യാലയത്തിന് സമീപം താഴെ വെട്ടിപ്പുറത്ത് റിംഗ് റോഡിൽ മൂന്ന് പെട്ടിക്കടകൾ കത്തിച്ച നിലയിൽ. കഴിഞ്ഞ രാത്രി 12ന് ശേഷമാണ് സംഭവം. വെട്ടിപ്പുറം ഓലിക്കൽ മുഹമ്മദ് ബഷീർ, വെട്ടിപ്പുറം ചരുവിൽ സി.എം.ജോണി, വെട്ടിപ്പുറം പൂതപ്പാറക്കൽ പി.വി. ജോണി എന്നിവരുടെ കടകളാണ് കത്തിച്ചത്.മുഹമ്മദ് ബഷീറിന്റെ ചായക്കടയും സി.എം. ജോണിയുടെ കടയും പൂർണമായി കത്തി. പി.വി. ജോണിന്റെ കടഭാഗികമായും കത്തിയനിലയിലാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ജില്ലാ പൊലീസ് കാര്യാലയത്തിൽ നിന്നും 100 മീറ്റർ ദൂരത്താണ് സംഭവം നടന്നത്. കടകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ മുഴുവൻ തീ കത്തി നശിച്ചു. ആരാണ് കടകൾ കത്തിച്ചതെന്ന് വ്യക്തമല്ല. കടകൾ കത്തുന്നതിന് 10 മിനിറ്റ് മുമ്പ് ഒരു വൃദ്ധൻ ഇതുവഴി ഒരു ബക്കറ്റും പൊതിയുമായി നടന്ന് നീങ്ങുന്നത് സമീപത്തെ വീടിന്റെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ആളിന്റെ മുഖം വ്യക്തമല്ല. ഈ ഭാഗത്ത് തെരുവ് വിളക്കുകൾ കത്താത്തത് കാരണം രാത്രി ഇരുട്ടാണ്. പെട്ടിക്കടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഇവരുടെ കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. കുറെ നാൾ മുമ്പും മുഹമ്മദ് ബഷീറിന്റെ ചായക്കടയ്ക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്. പൊലീസ് സംഭവസ്ഥലം പരിശോധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.