തിരുവല്ല: വേനൽക്കാലത്ത് കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ പെരിങ്ങരയിൽ പൈപ്പ് പൊട്ടിയൊഴുകുന്നു. കാവുംഭാഗം -പെരിങ്ങര റോഡിൽ കോസ്മോസ് ജംഗ്‌ഷന് സമീപമാണ് പൈപ്പു പൊട്ടി വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ജംഗ്‌ഷനിൽ കെട്ടിക്കിടക്കുന്ന വെള്ളം വാഹനങ്ങൾ കടന്നുപോകുമ്പോൾ തെറിച്ചു വീഴുന്നത് മറ്റ് യാത്രക്കാർക്കും ദുരിതമായിരിക്കുകയാണ്. പൊടിയാടി- തിരുവല്ല റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനങ്ങൾ പെരിങ്ങര -കാവുംഭാഗം റോഡിലൂടെയാണ് കടത്തിവിടുന്നത്. ഇതുകാരണം നിരവധി ബസുകളും ടോറസ് ഉൾപ്പെടെയുള്ള ഭാരം കയറ്റിയ വലിയ വാഹനങ്ങളും ഇതുവഴി പോകുന്നതാണ് അടിക്കടിയുള്ള പൈപ്പ് പൊട്ടലിന് കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു. ഒരു മാസത്തിനിടെ ഈ റോഡിൽ മൂന്നാമത്തെ സ്ഥലത്താണ് ഇപ്പോൾ പൈപ്പു പൊട്ടുന്നത്. കോസ്മോസ് ജംഗ്‌ഷനിൽ ഒരാഴ്ചയായി പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്. ഇതുവരെയും പൈപ്പിലെ ചോർച്ച പരിഹരിക്കാൻ നടപടി ഉണ്ടായിട്ടില്ല. തിരുവല്ല നഗരത്തിൽ എസ്.സി.എസ് ജംഗ്‌ഷന് സമീപം എം.സി. റോഡിലും പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. അടുത്തകാലത്ത് ബി.എം. ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡാണിത്. അടിക്കടിയുള്ള പൈപ്പ് പൊട്ടൽ റോഡിന്റെ തകർച്ചയ്ക്കും കാരണമാകുന്നു.