തണ്ണിത്തോട്: എസ്.എസ്.എൽ.സി പരീക്ഷകളെഴുതുന്ന തണ്ണിത്തോട് പഞ്ചായത്തിലെ വിദ്യാർത്ഥികളെ കോന്നി കരുമാനത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ കയറ്റുന്നില്ലെന്നു പരാതി. പഞ്ചായത്തിലെ തണ്ണിത്തോട്, തേക്കുതോട്, മണ്ണീറ, കരുമാൻതോട്,മേടപ്പാറ, മൂർത്തിമൺ, കൂത്താടിമൺ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളാണ് കോന്നിയിലെ സ്‌കൂളുകളിൽ പഠിക്കുന്നത്. തുടർച്ചയായി പരീക്ഷകൾ നടക്കുമ്പോൾ ബസുകൾ കിട്ടാതെ വന്നാൽ തിരികെ വീട്ടിലെത്താൻ വൈകുന്നതാണ് വിദ്യാർത്ഥികളെ വലയ്ക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് യാതക്കാരെ ബസുകളിൽ നിറുത്തികൊണ്ടുപോകാൻ പോലീസ് സമ്മതിക്കുന്നില്ലന്നാണ് ബസ് ജീവനക്കാർ പറയുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വിദ്യാർത്ഥികളെ ബസുകളിൽ കയറ്റാതെ വന്നതോടെ വീടുകളിൽ നിന്നും കോന്നിയിലെ സ്‌കൂളുകളിലേക്കും തിരികെ വീടുകളിലും എത്താൻ ബുദ്ധിമുട്ടി. ബുധനാഴ്ച്ച പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥികളെ കോന്നിയിൽ നിന്നും ബസുകളിൽ കയറ്റാതെ വന്നതോടെ കുട്ടികൾ കോന്നി പൊലീസ് സ്റ്റേഷനിലെത്തിപരാതി പറഞ്ഞു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി പൊലീസ് സ്റ്റേഷനിലെത്തി ചർച്ചനടത്തി വിദ്യാർത്ഥികളെ തിരികെ വീടുകളിലെത്തിക്കുകയിരുന്നു. കൊവിഡിന്റെ രണ്ടാം വരവോടു കൂടി മലയോരമേഖലയിലേക്കുള്ള ബസ് സർവീസുകളും കുറഞ്ഞു. ഇതുമൂലം സയത്തു പരീക്ഷ ഹാളുകളിലെത്താനും തിരികെ വീടുകളിലെത്താനും ബുദ്ധിമുട്ടുകയാണ് വിദ്യാർത്ഥികൾ. വരും ദിവസങ്ങളിലും സ്ഥിതി തുടർന്നാൽ ആർ.ടി.ഒ.യ്ക്ക് പരാതി നൽകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.