പത്തനംതിട്ട : കുമ്പഴ മാർക്കറ്റിലെ തിരക്ക് ഒഴിവാക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ ടോക്കൺ സംവിധാനമൊരുക്കും. 50 പേർക്കായിരിക്കും ഒരേസമയം പ്രവേശനം അനുവദിക്കുക. അകത്തേക്കും പുറത്തേക്കുമുള്ള വഴികൾ പൊലീസ് നിയന്ത്രിക്കും. കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലും ആളുകൾ കൂട്ടംകൂടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും പരിശോധന കൂടുതൽ ശക്തമാക്കും. കുമ്പഴ മാർക്കറ്റിൽ നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ, ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി, കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, പത്തനംതിട്ട ഡി.വൈ.എസ്.പി എ. പ്രദീപ് കുമാർ എന്നിവർ ചേർന്ന് നടത്തിയ സന്ദർശനത്തിലാണ് തീരുമാനം.
പൊതുസ്ഥലങ്ങളിലെ ആൾക്കൂട്ടം ജനങ്ങൾ പരമാവധി ഒഴിവാക്കാൻ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്ടറൽ മജിസ്‌ട്രേറ്റുമാർ, പൊലീസ് എന്നിവർ പഞ്ചായത്ത് തലത്തിൽ യോഗം ചേർന്ന് ആൾക്കൂട്ടം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കണ്ടെയ്ൻമെന്റ് സോണുകളിലെ സുരക്ഷ ശക്തമാക്കണമെന്നും സംയുക്ത സന്ദർശനത്തിൽ തീരുമാനിച്ചു.