പന്തളം: പന്തളത്തോടുള്ള അധികൃതരുടെഅവഗണനയുടെ നേർക്കാഴ്ചയായി പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മേൽക്കൂര പൊതിഞ്ഞു കെട്ടിയ സബ് ട്രഷറി.
നഗരസഭാ കാര്യാലയത്തിനു തൊട്ടു പിന്നിലായാണ് സബ് ട്രഷറി . 1972 ൽ പന്തളം പഞ്ചായത്ത് കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പഴയ തോന്നല്ലൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടം സബ് ട്രഷറിക്കായി നൽകിയത്.
അറ്റകുറ്റപ്പണികൾ നടത്താതിരുന്നതോടെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. കഴുക്കോലും പട്ടികയും തകർന്നതോടെ പലയിടത്തെയും മേച്ചിൽ ഓടുകളും താഴെ വീണു. പേടിയോടെയാണ് ജീവനക്കാർ ഇതിനുള്ളിൽ ജോലി ചെയ്യുന്നത്.
ദിനംപ്രതി നൂറുകണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന കേന്ദ്രമായിട്ടും പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ല.
അറ്റകുറ്റപ്പണിക്ക് പണം അനുവദിച്ചതായി ആധികൃതർ പറയുന്നതല്ലാതെ തുടർ നടപടിയില്ല.
11 ജീവനക്കാരാണ് ഉള്ളത് . മഴപെയ്താൽ വെള്ളം ഓഫീസ് മുറികളിൽ കെട്ടിക്കിടക്കും. ഇത് പുറത്തു കൊണ്ട് കളയുന്നതാണ് മഴക്കാലത്ത് ജീവനക്കാർ രാവിലെ വന്നാൽ ആദ്യം ചെയ്യുന്ന ജോലി .
മരപ്പട്ടി ശല്യം രൂക്ഷമാണ്. ജീവനക്കാർ ആഹാരം കഴിക്കുമ്പോൾ ഇവയുടെ കാഷ്ഠവും മൂത്രവും ഭക്ഷണസാധനങ്ങളിൽ വീഴുന്നതും പതിവാണ്. ദുർഗന്ധവും രൂക്ഷമാണ്.