മല്ലപ്പള്ളി : കെ.എസ്.ആർ.ടി.സി. മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും സർവീസ് നടത്തിയിരുന്ന 8 ബസുകൾ ഇന്നലെ രാവിലെ വിവിധ റീജിണൽ വർക്ക്‌ഷോപ്പുകളിലേക്ക് മാറ്റി. ആകെയുള്ള 39 ബസുകളിൽ 14 എണ്ണം തിരിച്ചെടുക്കാൻ ഉത്തരവ് ഇറങ്ങിയെന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം നാലും ഇന്നലെ 8 ബസുകളും കൊണ്ടുപോയത്. അവശേഷിക്കുന്നവയിൽ ചിലത് അടുത്ത ദിവസങ്ങളിൽ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുമെന്ന് സൂചനയുണ്ട്. ഡിപ്പോയെ തകർക്കുന്ന നിലപാട് അധികൃതർ സ്വീകരിക്കുന്നതറിഞ്ഞ് ഇന്നലെ രാവിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാമൂഹ്യപ്രവർത്തകരും രാവിലെ ഡിപ്പോയിൽ എത്തിയെങ്കിലും ബസുകൾ കൊണ്ടുപോയന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. 14 ബസുകളുമായി സർവീസ് ആരംഭിച്ച കോട്ടയം - കോഴഞ്ചേരി ചെയിൻ സർവീസിൽ ഇന്നലെ ആറു ബസുകൾ മാത്രമാണ് ഓടിക്കാൻ സാധിച്ചത്. ഇതുമൂലം ഓഫീസുകൾ എത്തേണ്ടവർ ഉൾപ്പെടെ നിരവധിപേർ വഴിയിൽ അകപ്പെട്ടു. ഡിപ്പോ നാശത്തിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് പൊതുവിവരം. ദിനംപ്രതി കളക്ഷനിൽ ഗണ്യമായ കുറവ് ഉണ്ടായതിനാൽ ഡിപ്പോയുടെ നിൽനിൽപും ഭീഷണിയിലായിരിക്കുകയാണ്.