മല്ലപ്പള്ളി: കെ.എസ് ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയോട് സർക്കാർ പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്നും കൊവിഡിന്റെ മറവിൽ ഡിപ്പോ ഇല്ലായ്മ ചെയ്യുവാനുള്ള നീക്കമാണ് നടക്കുന്നതെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞു കോശി പോൾ പറഞ്ഞു. മുൻ എം.എൽ.എ ടി.എസ് ജോണിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകളുടെ അദ്ധ്വാനത്തിന്റെ ഫലമാണ് മല്ലപ്പള്ളി ഡിപ്പോ. സർക്കാരിന് ഒരു ബാദ്ധ്യതയും വരുത്താത്ത ജനകീയ ഡിപ്പോയെന്ന പ്രത്യേകതയും ഇതിനുണ്ട്. രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കുന്ന മല്ലപ്പള്ളി താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിലേക്കും മറ്റും ഷെഡ്യൂളുകൾ ക്രമീകരിച്ചാൽ ഡിപ്പോ ലാഭകരമാക്കാം. കാൽ നൂറ്റാണ്ടു പിന്നിട്ട ഡിപ്പോയുടെ കടയ്ക്കൽ കത്തി വയ്ക്കാനുള്ള തീരുമാനമാണ് വകുപ്പ് സ്വീകരിക്കുന്നതെന്നും ബസുകൾ കൂട്ടത്തോടെ ഇവിടെ നിന്നും കടത്തുന്ന നടപടിയിൽ നിന്നും പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും കുഞ്ഞു കോശി പോൾ പറഞ്ഞു.