ചെങ്ങന്നൂർ: കൊവിഡ് വ്യാപിപ്പിക്കാൻ സർക്കാർ ആസൂത്രിത നീക്കം നടത്തുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ പറഞ്ഞു. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കേണ്ടതിനു പകരം ഭരണകൂടം കാട്ടുന്ന നിസംഗതക്കെതിരെ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികളേയും പ്രതിരോധ വാക്‌സിൻ എടുക്കാൻ എത്തുന്നവരേയും ഒരേ കേന്ദ്രത്തിലേക്കാണ് എത്തിക്കുന്നത്. ഇത് രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് കാലത്ത് ജനം വലയുമ്പോൾ ഒരു മുന്നൊരുക്കവും നടത്താതെ ജില്ലാ ആശുപത്രിയുടെ പ്രവർത്തനം നിറുത്തിവെച്ചത് എം.എൽ.എ യുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. കേരളത്തിൽ ഒരു ഡോസ് മരുന്നു പോലും സ്വന്തമായി വാങ്ങി ജനങ്ങൾക്ക് നൽകാത്ത ഇടതുഭരണകൂടം മോദിയെ പുലഭ്യം പറയാനാണ് സമയം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയേജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷനായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ സമരത്തിൽ ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, സെക്രട്ടറി അനീഷ് മുളക്കുഴ എന്നിവർ പങ്കെടുത്തു.