കോന്നി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രമാടം കോന്നി പഞ്ചായത്തുകളിൽ അതീവ ജാഗ്രതിയിൽ. രണ്ട് പഞ്ചായത്തുകളിലും ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അനാവശ്യമായി പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇന്നലെ നിരവധി ആളുകൾക്ക് പൊലീസ് താക്കീതും പിഴയും നൽകി. ഇരുപഞ്ചായത്തുകളിലെയും രോഗികളുടെ എണ്ണം അനുദിനം കുതിച്ചുയരുകയാണ്. കോന്നി താലൂക്കിലെ മറ്റ് പഞ്ചായത്തുകളിലും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രമാടത്തും കോന്നിയിലും നിരവധി ക്ളസ്റ്ററുകളും കണ്ടെയ്മെന്റ് സോണുകളും നിലവിലുണ്ട്.
കോന്നി നിയോജക മണ്ഡലത്തിൽ മൂന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരെയും രോഗികളെയും ആശുപത്രിയിൽ എത്തിക്കുന്നതിന് 108 ആംബുലൻസുകൾ എല്ലാ കേന്ദ്രങ്ങളിലും സജ്ജീകരിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ മരണങ്ങളും രോഗികളുടെ എണ്ണവും കൂടുതലായിരുന്നെങ്കിലും ഇടയ്ക്ക് നാമമാത്രമായി. ഇതോടെ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ വീണ്ടും കൂടുതൽ രോഗികൾ ഉണ്ടാവുകയും ക്ളസ്റ്ററുകൾ രൂപപ്പെടുകയും ചെയ്തതോടെയാണ് കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായത്.
മൂന്ന് ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജം
പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, കൈപ്പട്ടൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, താവളപ്പാറ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലാണ് സി.എഫ്.എൽ.ടി.സികൾ സജ്ജമാക്കിയിരിക്കുന്നത്. ഇവിടങ്ങളിൽ 300 കിടക്കകളുടെ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ എല്ലാ പഞ്ചായത്തുകളിലും സി.എഫ്.എൽ.ടി.സി.കൾ സജ്ജീകരിക്കും. നിലവിലെ സാഹചരങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. നിയോജക മണ്ഡലത്തിൽ നിരവധി ക്ളസ്റ്ററുകളും കണ്ടെയ്ൻമെന്റ് സോണുകളും നിലവിലുണ്ട്.
ആംബുലൻസുകൾ സജ്ജം
നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും ക്വാറന്റയിനിലുള്ള ആളുകളെ രോഗ പരിശോധനയ്ക്കായിഎത്തിക്കുന്നതിനും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും ആംബുലൻസ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കോന്നി, പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലുള്ളവർക്കായി കോന്നി താലൂക്ക് ആശുപത്രിയിലും മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകൾക്കായി മലയാലപ്പുഴ പി.എച്ച്.സി യിലും, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്തുകൾക്കായി തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലും, സീതത്തോട് പഞ്ചായത്തിന് സീതത്തോട് പി.എച്ച്.സി യിലും, ചിറ്റാർ പഞ്ചായത്തിന് പെരുന്നാട് സി.എച്ച്.സി യിലും, കലഞ്ഞൂർ പഞ്ചായത്തിന് ഏനാദിമംഗലം സി.എച്ച്.സി യിലുമാണ് ആംബുലൻസുകൾ ക്രമീകരിച്ചിരിക്കുന്നത്.