ആര് ജയിച്ചാലും അടൂരിൽ പുതു ചരിത്രമാകും. നിലവിലെ എം.എൽ.എ ചിറ്റയം ഗോപകുമാർ വിജയിച്ചാൽ ഹാട്രിക് നേട്ടം. മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിച്ചാൽ യുവ കോൺഗ്രസ് നേതാവ് എം.ജി കണ്ണനിലൂടെ അടൂരിന്റെ ചരിത്രം മാറ്റിയെഴുതാം. എൻ.ഡി.എയ്ക്കും ശക്തമായ വേരോട്ടമുള്ള മണ്ണിൽ പന്തളം പ്രതാപൻ അത്ഭുതം സൃഷ്ടിക്കുമോ എന്ന് കണ്ടറിയണം.
ഇടതിനെയും വലതിനെയും മാറിമാറിത്തുണച്ചിട്ടുണ്ട് അടൂർ. ജില്ലയിൽ കൂടുതൽ പോളിംഗ് നടന്ന മണ്ഡലമാണിത്. ഇത്തവണ 72.04 ശതമാനത്തോടെ മുന്നിലെത്തി. പോളിംഗ് കണക്ക് വച്ച് വിജയസാദ്ധ്യത പ്രവചിക്കാനാവില്ല. എൽ.ഡി.എഫിന് തുടർ ഭരണമെങ്കിൽ മന്ത്രി എന്ന മന്ത്രത്തോടെയായിരുന്നു അടൂരിൽ എൽ.ഡി.എഫിന്റെ പ്രചാരണം. പൊതുവെ സൗമ്യനായ ചിറ്റയം ഗോപകുമാറിന്ന് മണ്ഡലത്തിൽ വലിയ സ്വാധീനവുമുണ്ട്. കോൺഗ്രസിൽ സംഘടനാ കലഹങ്ങൾ ഏറെക്കണ്ട മണ്ഡലമാണ്. പക്ഷെ, ഇത്തവണ പാർട്ടി ഒന്നടങ്കം എം.ജി കണ്ണനൊപ്പം നിന്നത് യു.ഡി.എഫിന് ആത്മവിശ്വാസമായി. വേറിട്ട പരീക്ഷണമായിരുന്നു ബി.ജെ.പിയുടേത്. പാർട്ടി വിട്ടുവന്ന കെ.പി.സി.സി സെക്രട്ടറി പന്തളം പ്രതാപനെ സ്ഥാനാർത്ഥിയാക്കി. പന്തളം നഗരസഭയിൽ ഭരണം കിട്ടിയതിന്റെ തിളക്കത്തിലാണ് പ്രചാരണം കൊഴുപ്പിച്ചത്.
പ്രധാന സ്ഥാനാർത്ഥികൾ
ചിറ്റയം ഗോപകുമാർ (എൽ.ഡി.എഫ്)
എം.ജി.കണ്ണൻ (യു.ഡി.എഫ്)
പന്തളം പ്രതാപൻ (ബി.ജെ.പി)
2016
ചിറ്റയം ഗോപകുമാർ (സി.പി.ഐ) 76034
കെ.കെ.ഷാജു (കോൺഗ്രസ്) 50574
പി.സുധീർ (ബി.ജെ.പി) 25,940
ഭൂരിപക്ഷം 25460
2019 ലോക്സഭ
വീണാ ജോർജ് (സി.പി.എം) 53216
കെ.സുരേന്ദ്രൻ (ബി.ജെ.പി) 51260
ആന്റോ ആൻറണി (കോൺഗ്രസ്) 49280
ഭൂരിപക്ഷം 1956
2020 തദ്ദേശ തെരഞ്ഞെടുപ്പ് വോട്ട് നില
എൽ.ഡി.എഫ് 67158
യു.ഡി.എഫ് 55732
എൻ.ഡി.എ 36895