കൂടൽ; കുളത്തുമൺ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ചക്ക തേടിയെത്തുന്ന കാട്ടാനകൾ പ്രദേശത്തു വ്യാപകമായ കൃഷിനാശമാണ് വരുത്തിവയ്ക്കുന്നത്. തെങ്ങ്, വാഴ, കമുക് തുടങ്ങിയവയെല്ലാം കാട്ടാനകൾ നശിപ്പിക്കുകയാണ്. കാട്ടാനകൾ ജനവാസ മേഖലകളിലെ വീടുകളുടെ സമീപത്തു വരെയെത്തുന്നത് മൂലം നാട്ടുകാർ ഭീതിയിലാണ്. കുലച്ചതും കുടംവന്നതുമായ വാഴകളെല്ലാം ചവിട്ടിമെതിച്ച ശേഷമാണ് ഇവ തിരികെ വനത്തിലേക്ക് പോകുന്നത്. പഴുത്തചക്ക തേടിയെത്തുന്ന ആനകൾ നേരം വെളുത്തതിന് ശേഷമാണ് കാട്ടിലേക്ക് തിരികെ മടങ്ങുന്നത്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജവേലികൾ പ്രവർത്തനക്ഷമമല്ല. ഇവയുടെ അറ്റകുറ്റപ്പണികൾ നടത്താൻ വനംവകുപ്പ് ശ്രമിക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആരോപണം. പകൽ സമയത്തും ഇവിടെ കാട്ടാനകളുടെ സാന്നിധ്യ മുള്ളതിനാൽ കർഷകർ കൃഷിയിടങ്ങളിലേക്ക് പോകാൻ മടിക്കുന്നു. നടുവത്തുമൂഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് പ്രദേശം. കാട്ടാനകൾക്കു പുറമെ കാട്ടുപന്നികളും കുരങ്ങുകളും പ്രദേശത്തു കാർഷിക വിളകൾ നശിപ്പിക്കുന്നുണ്ട്. കല്ലേലി ചെളിക്കുഴി വനമേഖലയിൽ നിന്നാണ് ഇവ നാട്ടിലേക്കു ഇറങ്ങുന്നത്. കാട്ടുപന്നികൾ നാട്ടുകാരെ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ട്.