തിരുവല്ല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ ഊർജ്ജിതമാക്കി. കോഴിമല ഐ.ജി.ഒ കാമ്പസിൽ 100ലധികം കിടക്കകളോടുകൂടിയ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. കൊട്ടക്കാട്ട് ആശുപത്രിയും ഉപാധികളില്ലാതെ കൊവിഡ് ചികിത്സാകേന്ദ്രം ആരംഭിക്കാൻ പഞ്ചായത്തിന് വിട്ടുകിട്ടിയിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ നൽകുന്നതിന് മെഗാക്യാമ്പുകൾ പുരോഗമിക്കുകയാണ്. വാക്‌സിൻ ലഭ്യതയനുസരിച്ച് കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ആശ അറിയിച്ചു. രോഗികൾക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്താനുള്ള ശ്രമവും നടക്കുന്നു. വാർഡുതലത്തിൽ പ്രതിരോധ കമ്മിറ്റികൾ പുനസംഘടിപ്പിച്ചു. കൊവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് മരുന്നും ഭക്ഷണവും എത്തിക്കാൻ വാർഡു മെമ്പറുമാരുടെ നേതൃത്വത്തിൽ പ്രവർത്തകരുടെ സംഘവും രൂപീകരിച്ചു. കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ കഴിയുന്നവർക്കും ഭക്ഷണം ലഭ്യമാക്കും. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ സർവകക്ഷിയോഗം കൂടിയില്ലെങ്കിലും വിവിധ രാഷ്ട്രീയ,സമുദായ,സാംസ്‌കാരിക നേതാക്കളുമായി ചർച്ചചെയ്ത് അഭിപ്രായഐക്യം രൂപീകരിച്ചാണ് മുന്നോട്ട് നീങ്ങുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻപിള്ള പറഞ്ഞു.
കോൾ സെന്ററുകൾ സജ്ജമാക്കി
ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ആശാപ്രവർത്തകരുടെ ആഭിമുഖ്യത്തിൽ കോൾ സെന്ററുകൾ സജ്ജമാക്കി. 1,3,5,9,10,17 വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കോൾസെന്റർ ആരംഭിച്ചിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിലെ കൊവിഡ് കോൾ സെന്റർ സൗകര്യം വിപുലീകരിച്ചു. ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾക്ക് കൊവിഡ് സ്‌ക്രീനിംഗ് നിർബന്ധമാക്കി. വാക്‌സിൻ രജിസ്‌ട്രേഷൻ, മരുന്ന് വിതരണം, സംശയനിവാരണം മുതലായവയ്ക്ക് കോൾ സെന്ററുകളുമായി ബന്ധപ്പെടാവുന്നതാണ്.
മഴക്കാലത്തേക്കും കരുതൽ
കൊവിഡ് പ്രതിരോധത്തോടൊപ്പം തന്നെ മഴക്കാലരോഗങ്ങൾ പടരുവാനുള്ള സാദ്ധ്യതകൂടി കണക്കിലെടുത്ത് പഞ്ചായത്തുതല, വാർഡുതല സാനിട്ടേഷൻ കമ്മിറ്റികൾകൂടി ശുചീകരണ പ്രവർത്തനം ഏറ്റെടുക്കുവാൻ തീരുമാനിച്ചു. മഴക്കാലരോഗങ്ങൾക്ക് മുൻകരുതലായി മരുന്നുകളെല്ലാം സ്റ്റോക്ക് ചെയ്തു. തോടുകൾ,ചാലുകൾ,കുടിവെള്ള സ്രോതസുകൾ,പൊതുസ്ഥലങ്ങൾ മുതലായവ ശുചീകരിക്കുന്നതിനും തീരുമാനിച്ചു. വാർഡുതല സാനിട്ടേഷൻ കമ്മിറ്റിയംഗങ്ങൾ ഭവനസന്ദർശനം നടത്തി മാർഗനിർദ്ദേശങ്ങൾ നൽകി. കൊതുകുകളുടെ ഉറവിടം നിർമ്മാർജ്ജനം ചെയ്യാനുള്ള നടപടികളും സ്വീകരിക്കും. ക്ലോറിനേഷൻ, പ്രതിരോധമരുന്ന് വിതരണം എന്നിവയും ഉറപ്പാക്കും. കൊവിഡ് പടരാതിരിക്കാനുള്ള നടപടികൾക്കൊപ്പം ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു.