ക്ഷമയുടെ നെല്ലിപ്പലക കണ്ട് നാട്ടുകാർ
കടമ്പനാട് : കുടിവെള്ളമില്ലാതെ ജനം നെട്ടോട്ടമോടുമ്പോൾ അധികൃതരുടെ അനാസ്ഥയിൽ നശിക്കുകയാണ് നെല്ലിമുകളിലെ കുടിവെള്ള പദ്ധതി. കടമ്പനാട് . ഏറത്ത് പള്ളിക്കൽ പഞ്ചായത്തുകളുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാവുന്ന പദ്ധതിയാണിത്. ഉയർന്ന പ്രദേശങ്ങളായ മുണ്ടപള്ളി ,പാറക്കൂട്ടം പ്രദേശങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമത്താൽ ജനം വലയുകയാണ്. അതേ സമയം തൊട്ടടുത്ത് സംരക്ഷണമില്ലാതെ ഈ പദ്ധതി നശിക്കുകയാണ്. പള്ളിക്കൽ ആറ്റിൽ നെല്ലിമുകൾ പാലത്തിനു സമീപമാണ് പദ്ധതി. 12 വർഷമായി മുടങ്ങിയിട്ട്. പള്ളിക്കലാറ്റിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടിയതിനാലാണ് പദ്ധതി നിറുത്തലാക്കിയതെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. എന്നാൽ 4 കിലോമീറ്റർ അകലെ മുന്നാറ്റുകരയിൽ പള്ളിക്ക ലാറ്റിൽ തന്നെ കുന്നത്തൂർ ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി പ്രവർത്തിക്കുന്നത് സംബന്ധിച്ച് വിശദീകരണവുമില്ല. കോളിഫോം ബാക്ടീരിയയുടെ കാര്യം വാട്ടർ അതോറിറ്റി പറയുന്നുണ്ടെങ്കിലും നെല്ലിമുകൾ പദ്ധതിയിൽ നിന്ന് വെള്ളം നൽകി ക്കൊണ്ടിരുന്ന പ്രദേശങ്ങളിൽ തന്നെയാണ് കടമ്പനാട് ശുദ്ധജലവിതരണപദ്ധതി നിലവിൽ വന്നപ്പോൾ വെള്ളം വിതരണം നടത്തിയത്. അതിനാലാണ് നെല്ലിമുകളിലെ പദ്ധതി നിറുത്തലാക്കിയത്. സാങ്കേതിക തകരാർ ഒന്നുമില്ലാതിരുന്ന പദ്ധതി പുനരാരംഭിച്ചാൽ പള്ളിക്കൽ പഞ്ചായത്തിലെ മുണ്ടപ്പള്ളി, പാറക്കൂട്ടം, ഹിരണ്യനല്ലൂർ ഭാഗം, പൂവൻ മൂട് , തോട്ടംമുക്ക് ഭാഗങ്ങളിൽ വെള്ളമെത്തിക്കാൻ കഴിയും. ഈ പ്രദേശങ്ങളിൽ ഇപ്പോഴും പഞ്ചായത്ത് ലോറിയിൽ വെള്ളമെത്തിക്കുകയാണ്. പ്രവർത്തിപ്പിക്കാതിരുന്നതിലൂടെ എന്തെങ്കിലും തകരാർ സംഭവിച്ചെങ്കിൽ അത് മാത്രം പരിഹരിച്ചാൽ മതിയാകും. സർക്കാരോ പഞ്ചായത്തോ ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം