പുല്ലാട്: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കിയ പ്രദേശങ്ങളിൽ വഴിയോര കച്ചവട കേന്ദ്രങ്ങൾ തകൃതി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന ഇത്തരം വഴിവാണിഭ സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ അധികൃതർ വിമുഖത കാട്ടുന്നതായി പരാതി. നിരോധനാജ്ഞ നിലവിലുള്ള കോയിപ്രം പഞ്ചായത്തിലെ പുല്ലാടും പരിസര ഭാഗങ്ങളിലുമാണ് വഴിവാണിഭക്കാർ നിരത്ത് കൈയടക്കിയിരിക്കുന്നത്. തിരുവല്ല- കുമ്പഴ സംസ്ഥാന പാതയുടെ സമീപമാണ് ഇത്. ലൈസൻസുള്ള വ്യാപാര സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കുമ്പോഴാണ് യാതൊരുസുരക്ഷാ മാർഗങ്ങളും ഇല്ലാതെ മറ്റ് പ്രദേശങ്ങളിൽ നിന്നെത്തുന്ന വ്യാപാര സംഘങ്ങൾ ഇവിടങ്ങളിൽ അനധികൃത വ്യാപാരത്തിലേർപ്പെട്ടിരിക്കുന്നത്. ശരിയായി മാസ്ക് ധരിക്കുകയോ സാനിറ്റൈസർ വാഹനത്തിൽ സ്ഥാപിക്കുകയോ ചെയ്യാതെയാണ് ഇവർ റോഡരികിൽ കച്ചവടം നടത്തുന്നത്. നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ക്യത്യമായി പാലിക്കുന്നുണ്ടോ എന്നറിയാനും ഉറപ്പു വരുത്താനും വ്യാപാര സ്ഥാപനങ്ങളിലും ആളുകൾ ഒത്തു കൂടുന്നിടത്തും പൊലീസും ആരോഗ്യ പ്രവർത്തകരും ക്യത്യമായ പരിശോധന നടത്തുമ്പോഴാണ് കൊവിഡ് വ്യാപന ഭീഷണി ഉയർത്തുന്ന ഇത്തരം പ്രവൃത്തി അധികൃതർ കണ്ടില്ലെന്നു നടിക്കുന്നതായി ആരോപണമുയരുന്നത്.

മൊബൈൽ റീചാർജ് ചെയ്യാനാകുന്നില്ല

വിദേശ മലയാളികൾ അടങ്ങുന്ന കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കുമ്പനാട്ടും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന പ്രായാധിക്യമുള്ളവരും മറ്റും മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ ബുദ്ധിമുട്ടുന്നതായും പരാതി ഉയരുന്നു. മൊബൈൽ റീചാർജ് സ്ഥാപനങ്ങൾ തുറക്കാത്തതാണ് കാരണം. അവശ്യസാധനങ്ങളുടെ പട്ടികയിൽ ഇത്തരം വാണിജ്യ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. നെറ്റ് വർക്ക് തകരാറുകൾ പലയിടത്തും വാക്സിനേഷൻ ബുക്കിംഗിന് തടസമാകുന്നതു പോലെ മൊബൈൽ റീചാർജിനെയും പ്രതികൂലമായി ബാധിക്കുന്നു.