ആറന്മുള: മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ജില്ലാ ഓഫീസ് അടൂരിലേക്ക് മാറ്റിയത് സംബന്ധിച്ച വിവാദം തുടരുന്നു. പഞ്ചായത്തിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ നടന്ന ഓഫീസ് മാറ്റത്തിന് പിന്നിൽ എതാനും ഉദ്യോഗസ്ഥരാണെന്നാണ് ആക്ഷേപം ഉയരുന്നത്. ഇവർ ഉയർന്ന ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു നടത്തിയ നീക്കമാണ് ഇതെന്നുമാണ് ആരോപണം. തെക്കൻ ജില്ലകളിൽ നിന്നെത്തുന്ന ഏതാനും ഉദ്യോഗസ്ഥരുടെ താൽപര്യവും ഇതിന് പിന്നിലുണ്ടെന്നും അറിയുന്നു. അതേ സമയം ഓഫീസ് മാറ്റം അറിയാതെ ഇന്നലെയും ഇവിടെ എത്തിയ ആളുകൾ നിരാശയോടെ മടങ്ങി. കൊവിഡ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ ആറന്മുളയിൽ കളക്ടറുടെ നിർദ്ദേശപ്രകാരം നിയന്ത്രണങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ആരും തന്നെ ഇന്നലെ എത്തിയിരുന്നില്ല. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വീട് വയ്ക്കുന്നതിന് മണ്ണ് നീക്കം ചെയ്യുന്നതിന് അപേക്ഷ നൽകിയ അനവധി പേരാണ് പാസ് ലഭിക്കാതെ മടങ്ങിപ്പോയത്. കഴിഞ്ഞ ദിവസം ഇവിടെ രണ്ട് ഉദ്യോഗസ്ഥർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഫയലുകൾ ഇവിടെ ഇല്ലെന്നും ചാക്കിൽ കെട്ടി അടൂരിലേക്ക് കൊണ്ടുപോയെന്നുമാണ് ഉദ്യോഗസ്ഥർ നൽകിയ മറുപടി. സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവരാണ് വിവിധ ദിവസങ്ങളായി ഇവിടെ എത്തി ഫയലില്ല എന്ന കാരണം കേട്ട് മടങ്ങുന്നത്. ഘട്ടം ഘട്ടമായി ഓഫീസ് മാറ്റുന്നതിന്റെ ഭാഗമായി ഫയലുകളും മറ്റും നേരത്തെ തന്നെ അടൂരിലേക്ക് മാറ്റിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സാധന സാമഗ്രികൾ അടൂരിലേക്ക് മാറ്റുന്നത് വീണാ ജോർജ് എം.എൽ.എയുടെ നേതൃത്വത്തിൽ 24ന് രാത്രിയിൽ തടഞ്ഞെങ്കിലും ഓഫീസ് അടൂരിലെ കെ.ഐ.പി കെട്ടിടത്തിൽ പൂർണസജ്ജമായി കഴിഞ്ഞു. ഇതിനിടെ ജിയോളജി ഓഫീസിലെ ഫയലുകൾ മാറ്റുന്നത് തടഞ്ഞ വീണാ ജോർജ് എം.എൽ.എക്ക് എതിരെ മൈനിംഗ് ആൻഡ് ജിയോളജി ഡെപ്യൂട്ടി ഡയറക്ടർക്ക് ജില്ലാ ജിയോളജിസ്റ്റ് പരാതി നൽകുകയും ചെയ്തു. മാർച്ച് 19നാണ് ഓഫീസ് അടൂരിലേക്ക് മാറ്റാൻ ഉത്തരവ് വന്നത്.