മല്ലപ്പള്ളി: ഒരു മിനിട്ടിൽ ഏറ്റവും കൂടുതൽ സൂര്യനമസ്‌കാരം ചെയ്ത് പടുതോട് താന്നിവേലിക്കുഴി മകൻ മനീഷ് രാജ് ഡൽഹി കേന്ദ്രമായ ഇന്റർ നാഷണൽ ബുക്ക് ഒഫ് റെക്കോർഡ്‌സ് നേടി. ഹരിയാന സ്വദേശിയായ സൂര്യ പ്രതാപിന്റെ നിലവിലുള്ള റെക്കോർഡ് തകർത്താണ് മനീഷ് അവാർഡിന് അർഹനായത്. ഒരു മിനിട്ടിൽ 12 സൂര്യനമസ്‌കാരം എന്ന നേട്ടം ഒരു മിനിട്ടിൽ 15 സൂര്യ നമസ്‌കാരം ചെയ്താണ് മനീഷ് റെക്കോർഡിനുടമയായത്. മല്ലപ്പളളിയിലെ അഷ്ടാംഗ സ്‌കൂൾ ഒഫ് യോഗ കേന്ദ്രത്തിൽ നടത്തിയ കുറഞ്ഞ സമയത്തിലുള്ള സൂര്യ നമസ്‌കാരം വീഡിയോയിൽ ചിത്രീകരിച്ച് ഇന്റർ നാഷണൽ ബുക്ക് ഒഫ് റെക്കോർഡ്‌സ് അതിന്റെ വെബ് സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പത്തുപടികളിലായി എട്ട് യോഗാസനങ്ങൾ കൂടിച്ചേരുന്നതാണ് ഒരു സൂര്യനനമസ്‌കാരം. ഇത്തരത്തിലുള്ള 15 എണ്ണമാണ് ഒരു മിനിട്ടിൽ പൂർത്തിയാക്കി റെക്കോർഡ് സ്ഥാപിച്ചത്. സയന്റിഫിക് ആൻഡ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ കൗൺസിലിന്റെയും സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെയും കീഴിൽ യോഗ ഡിപ്ലോമ കോഴ്‌സ് കഴിഞ്ഞ മനീഷ് നിലവിൽ യോഗ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ദേശീയ തലത്തിലുള്ള റഫറി കൂടിയാണ് ഇരുപത്തിയാറുകരാനായ മനീഷ്. പത്തനംതിട്ട കേന്ദ്രമായി ബോധന ട്രൈബ് എന്ന പേരിലുള്ള യോഗ വിദ്യാഭ്യാസ കൂട്ടായ്മയ്ക്കും മനീഷ് നേതൃത്വം നൽകിവരുന്നു. തിരുവല്ല താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ രാജേന്ദ്രന്റെയും സബ്‌കോടതി ജീവനക്കാരി ബിന്ദുവിന്റെയും മകനാണ് മനീഷ്. മനീഷ, മോനിഷ് എന്നിവർ സഹോദരങ്ങളാണ്.