tt

പത്തനംതിട്ട : കൊവിഡ് പ്രതിരോധത്തിന് ജില്ലാപഞ്ചായത്ത് ഒന്നരക്കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. ആരോഗ്യവകുപ്പും ജില്ലയിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് 73 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് രാജി പി. രാജപ്പൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഒാക്‌സിജൻ പ്ലാന്റിന് 50 ലക്ഷം

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കും. ഒരു മിനിറ്റിൽ 200 ലിറ്റർ ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റാണിത്. മുമ്പുണ്ടായിരുന്ന ആംബുലൻസ് ഉപയോഗശൂന്യമായതിനാൽ ജില്ലാ ആശുപത്രിക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ ആംബുലൻസ് വാങ്ങി.

വെന്റിലേറ്ററിന് 30 ലക്ഷം

വിവിധ ആശുപത്രികളിൽ വെന്റിലേറ്റർ സ്ഥാപിക്കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി,വിവിധ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നോൺ ഇൻവേസീവ് വെന്റിലേറ്റർ സ്ഥാപിക്കും.

കിടപ്പുരോഗികൾക്ക് വാക്‌സിനേഷൻ

ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെന്ററുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള 18000 ലധികം കിടപ്പുരോഗികൾ ഉണ്ട്. എല്ലാവർക്കും കൊവിഡ് വാക്‌സിനേഷൻ നടത്താൻ വേണ്ടി ജില്ലാ പഞ്ചായത്തിലെ ചുമതലയിൽ 3 മൊബൈൽ യൂണിറ്റുകൾ പ്രവർത്തിക്കും.ആരോഗ്യവകുപ്പിലെ ഡോക്ടർമാരും, നഴ്‌സുമാരും ഇതിൽ പങ്കെടുക്കും.