തിരുവല്ല: കാത്തിരിപ്പിന് വിരാമമിട്ട് വോട്ടെണ്ണൽ നാളെ. തിരുവല്ല നിയോജക മണ്ഡലത്തിലെ വോട്ടെണ്ണലിന് കുറ്റപ്പുഴ മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ആർ.ഡി.ഒ പി.സുരേഷ് അറിയിച്ചു. വോട്ടെണ്ണലിനും സുരക്ഷയ്ക്കുമായി നാന്നൂറോളം ഉദ്യോഗസ്ഥരെ വിന്യസിച്ചു. നാളെ രാവിലെ 8ന് വോട്ടുകൾ എണ്ണിത്തുടങ്ങും. 9ന് ആദ്യഫല സൂചനകൾ അറിവായി തുടങ്ങും. പോസ്റ്റൽ വോട്ടുകളും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും എണ്ണാൻ പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇത്തവണ അനുബന്ധ ബൂത്തുകൾ ഉൾപ്പെടെ 311ബൂത്തുകളുണ്ട്. മുഴുവൻ യന്ത്രവും എണ്ണുന്നതിന് 16 റൗണ്ട് വേണ്ടിവരും. ഉച്ചയ്ക്കുശേഷം മാത്രമേ ഫലം പൂർണമായി അറിയാൻ സാധിക്കുകയുള്ളു. ഒരു റൗണ്ട് പൂർത്തിയാക്കാൻ അരമണിക്കൂർ വേണമെങ്കിൽ മുഴുവൻ വോട്ടുകളും എണ്ണിത്തീരാൻ വൈകുന്നേരം നാലാകും.സ്കൂൾ ഓഡിറ്റോറിയം അഞ്ച് മുറികളായി തിരിച്ചാണ് വോട്ടെണ്ണുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുനില അറിയുന്നതിന് മൂന്നുമുറികളിലായി 20 മേശകളുണ്ട്. തപാൽ വോട്ടുകൾ എണ്ണുന്നതിന് രണ്ട് മുറികളുണ്ട്. ഒരു മുറിയിൽ രണ്ട് മേശയും രണ്ടാമത്തെ മുറിയിൽ അഞ്ച് മേശയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ മേശയിലും മൂന്നുപേർ വീതമാണ് എണ്ണാനുണ്ടാകുക. ഇതുകൂടാതെ സ്ഥാനാർത്ഥികളുടെ ഏജന്റുമാരും ഉണ്ടാകും. 20 ബൂത്തിലെ വോട്ടുനില ഒരേസമയം എണ്ണിക്കൊണ്ടിരിക്കും.
അയ്യായിരത്തോളം പോസ്റ്റൽ വോട്ടുകൾ
അയ്യായിരത്തോളം പോസ്റ്റൽ വോട്ടുകൾ ഇത്തവണയുണ്ട്. ഇത് എണ്ണിത്തിട്ടപ്പെടുത്തുന്നതാണ് സമയം വൈകിപ്പിക്കുക. ഇതിനായി മാത്രം ഏഴ് മേശകൾ സജ്ജമാക്കിയിട്ടുണ്ട്. മുമ്പ് 500ൽ താഴെയായിരുന്നു പോസ്റ്റൽ വോട്ടുകൾ. കൊവിഡ് കാരണം 80 വയസ് കഴിഞ്ഞവരും അംഗപരിമിതരും ഉൾപ്പെടെ 4282 പേരാണ് വോട്ട് ചെയ്തത്. ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ട് 469 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതുകൂടാതെ സൈനികരുടെ വോട്ടുകളുമുണ്ട്. ഇതിൽ ഭൂരിഭാഗവും ലഭിച്ചു. വോട്ടെണ്ണുന്നവർക്ക് കൊവിഡ് പരിശോധനകളും പൂർത്തിയായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആർക്കെങ്കിലും രോഗം ഉണ്ടായാൽ വിന്യസിക്കാനായി ഉദ്യോഗസ്ഥരെ കരുതലായും സജ്ജമാക്കിയിട്ടുണ്ട്.
കണക്കുകൾ ഇങ്ങനെ
ആകെ വോട്ടർമാർ: 2,12,288
പോൾ ചെയ്തത്: 1,34,469
ആൺ: 66,938
പെൺ: 67,531
പോളിംഗ് ശതമാനം 63.34
(പോസ്റ്റൽ വോട്ട് കൂടാതെ)
-ആദ്യ ഫലസൂചനകൾ രാവിലെ 9 മുതൽ
-ആകെ ബൂത്തുകൾ 311
-നാളെ രാവിലെ 8 മുതൽ