കോന്നി : കൊവിഡ് നിയന്ത്രണാതീതമായതോടെ പ്രാമാടം പഞ്ചായത്തിലെ പൂങ്കാവിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കടകമ്പോളങ്ങളുടെ പ്രവർത്തന സമയം ഇന്നലെ മുതൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയായി നിജപ്പെടുത്തി. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പൊലീസ് കർശന നടപടി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. പൂങ്കാവ് ജംഗ്ഷനിൽ പൊലീസ് സംഘം നിലയുറപ്പിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു.അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് താക്കീതും പിഴയും നൽകുന്നുണ്ട്. വാഹനങ്ങളിൽ പൊലീസും ആരോഗ്യ വകുപ്പും നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പൂങ്കാവ് പ്രദേശത്ത് വൻ രോഗ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. പ്രമാടം പഞ്ചായത്തിലെ പ്രധാന മാർക്കറ്റ് സ്ഥിതി ചെയ്യുന്നത് പൂങ്കാവിലാണ്. നിരവധി സഥലങ്ങളിൽ നിന്നും ആളുകൾ ഇവിടെ വന്നുപോകാറുണ്ട്. പൂങ്കാവിനോട് ചേർന്ന് കടക്കുന്ന പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനം കണക്കിലെടുത്ത് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്​റ്റേഡിയത്തിൽ സി.എഫ്.എൽ.ടി.സി സജ്ജമാക്കി.

കർശന നടപടികളിലേക്ക് പൊലീസ്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ സെക്ടറൽ മജിസ്ട്രേ​റ്റുമാരും, പൊലീസും ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വാഹനങ്ങളിൽ തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ട്. കണ്ടയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. നിരോധനാഞ്ജ കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കും.റിവേഴ്‌സ് ക്വാറന്റയിൻ ശക്തമാക്കും. ബ്രേക്ക് ദ ചെയിൻ കാമ്പയിൻ ശക്തമായി തുടരും. നിയന്ത്രണങ്ങൾ പാലിക്കാൻ വ്യാപാര സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.