vv

പത്തനംതിട്ട: ജില്ലയിൽ ഇന്ന് മുതൽ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ കൊവിഡ് ആദ്യ ഡോസ് വാക്‌സിനേഷൻ ഉണ്ടാകില്ല. വാക്സിന്റെ ക്ഷാമം കാരണമാണിത്. ഇനി വരുന്ന വാക്സിനുകൾ രണ്ടാം ഡോസായി നൽകും. ആദ്യ ഡോസ് സ്വീകരിച്ചവർ രണ്ടാം ഡോസും കുത്തിവച്ചു എന്ന് ഉറപ്പാക്കും. തുടർന്ന് മറ്റുള്ളവർക്ക് ആദ്യ ഡോസ് വാക്സിൻ നൽകും. ഇന്ന് പതിനായിരം ഡോസ് വാക്സിൻ ജില്ലയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സെക്കൻഡ് ഡോസ് എടുക്കുന്നതിനായിരിക്കും മുൻഗണനയെന്ന് ജില്ലാ കളക്ട‌ർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡി അറിയിച്ചു.
മുൻഗണനാ ക്രമത്തിൽ ആശാ വർക്കർമാർ വാർഡ് തലത്തിൽ സെക്കൻഡ് ഡോസ് വാക്‌സിൻ എടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തിച്ച് സ്‌പോട്ടായി വാക്‌സിൻ എടുക്കാനുള്ള സൗകര്യം ഒരുക്കും. ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്ത ആരും വാക്‌സിൻ കേന്ദ്രത്തിൽ എത്തേണ്ടതില്ല. വാക്‌സിനേഷൻ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനും വേണ്ടിയാണ് ഈ സംവിധാനം. വാക്‌സിന്റെ ലഭ്യത അനുസരിച്ച് കൂടുതൽ സെന്ററുകളിലേക്ക് വാക്‌സിനേഷൻ വ്യാപിപ്പിക്കും. ഒരു വാക്‌സിനേഷൻ കേന്ദ്രത്തിൽ പരമാവധി 100 പേർക്കാണ് ഒരു ദിവസം വാക്‌സിൻ എടുക്കാൻ സൗകര്യമെരുക്കുന്നത്.
ജില്ലയിൽ 16 കേന്ദ്രങ്ങളിലാണ് കൊവിഡ് വാക്‌സിനേഷൻ നടത്തുന്നത്. വാക്‌സിന്റെ ലഭ്യത വർദ്ധിക്കുന്നതിനനുസരിച്ച് ആദ്യ ഡോസ് വാക്‌സിനേഷൻ പുനരാരംഭിക്കുമെന്നും കളക്ടർ അറിയിച്ചു.

ജില്ലയിൽ ഇതുവരെ വാക്സിൻ സ്വീകരിച്ചവർ 4,46,109

ആദ്യ ഡോസ് 3,53,844

സെക്കൻഡ് ഡോസ് 92,265

ഇന്നലെ 1225 പേർക്ക് കൊവിഡ്

പത്തനംതിട്ട ജില്ലയിൽ ഇന്നലെ 1225 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ആറു പേർ വിദേശത്ത് നിന്ന് വന്നവരും, 46 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 1173 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ഓക്സിജൻ സിലിണ്ടറുകളും

കുടിവെള്ളവും എത്തിച്ചു

ഓക്സിജൻ ക്ഷാമം രൂക്ഷമായിനേരിടുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആന്റോ ആന്റണി എം. പി.യുടെ കൊവിഡ് കെയർ പദ്ധതിയിലൂടെ ഓക്സിജൻ സിലിണ്ടറുകളും കുടിവെള്ളവും എത്തിച്ചു. കഴിഞ്ഞ ദിവസം എം. പി. യുടെ കൊവിഡ് കെയർ പദ്ധതിയുടെ ഭാഗമായി നടന്ന രക്തദാന ക്യാമ്പിൽ വച്ച് ആർ. എം. ഓ ഡോ. ആഷിഷ് മോഹൻ കുമാർ ഓക്സിജൻ ക്ഷാമത്തെപ്പറ്റി അറിയിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം. നഹാസ് പത്തനംതിട്ട, കൊവിഡ് നോഡൽ ഓഫീസർ ഡോ. ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

കാന്റീൻ പ്രവർത്തിക്കില്ല

മേയ് മൂന്നു മുതൽ ഒൻപത് വരെ പത്തനംതിട്ട മിലിട്ടറി കാന്റീൻ പ്രവർത്തിക്കില്ലെന്ന് മാനേജർ അറിയിച്ചു.