vo

പത്തനംതിട്ട: വാശിയേറിയ പോരാട്ടങ്ങളുടെ വിധി നാളെ അറിയാം. സംസ്ഥാന ഭരണം ആർക്കെന്നറിയുന്നതിനൊപ്പം അഞ്ച് മണ്ഡലങ്ങളുടെ വിധി കൂടിയാണ് ജില്ലയിലെ ജനങ്ങൾ കാത്തിരിക്കുന്നത്. അഞ്ച് മണ്ഡലങ്ങളും പിടിക്കുമെന്ന് ഇടത്, വലത് മുന്നണികൾ അവകാശപ്പെടുന്നു. കോന്നി ഉപതിരഞ്ഞെടുപ്പോടെ ജില്ലയിലെ എല്ലാ മണ്ഡലങ്ങളും ചുവപ്പിച്ച എൽ.ഡി.എഫിന് വിജയം ആവർത്തിക്കേണ്ടത് അനിവാര്യമാണ്. തങ്ങളുടെ കോട്ടയെന്ന് ഒരു കാലത്ത് അവകാശപ്പെട്ടിരുന്ന യു.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലങ്ങൾ തിരിച്ചു പിടിച്ചില്ലെങ്കിൽ വലിയ വെല്ലുവിളികളെ തുടർന്ന് നേരിടേണ്ടി വരും. ഒരു മണ്ഡലത്തിലെങ്കിലും വിജയിക്കുകയാേ രണ്ടാം സ്ഥാനത്ത് എത്തുകയോ ചെയ്താൽ എൻ.ഡി.എയ്ക്ക് നേട്ടമാകും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയിലാണ് ബി.ജെ.പി വിജയം പ്രതീക്ഷിക്കുന്നത്.

അഞ്ചും നേടും: കെ.പി.ഉദയഭാനു

സി.പി.എം ജില്ലാ സെക്രട്ടറി

അഞ്ച് മണ്ഡലങ്ങളും നിലനിറുത്താൻ കഴിയും. എൽ.ഡി.എഫ് സർക്കാരിന്റെ മികച്ച ഭരണം ജില്ലയിലെ ജനങ്ങളും അംഗീകരിച്ചിട്ടുണ്ട്. യു.ഡി.എഫ് വലിയ തകർച്ചയെ നേരിടും. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് ജില്ലയിൽ സ്ഥാനമുണ്ടാകില്ല.

പിടിച്ചെടുക്കും: ബാബു ജോർജ്

ഡി.സി.സി പ്രസിഡന്റ്

അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫ് ഉജ്വല വിജയം നേടും

സംഘടനാപരമായ പോരായ്മകൾ എല്ലാം പരിഹരിച്ചാണ് യു.ഡി.എഫ് പോരാടിയത്. എൽ.ഡി.എഫിന്റെ തകർച്ചയുടെ തുടക്കമായിരിക്കും ഇൗ തിരഞ്ഞെടുപ്പ് ഫലം പറയാൻ പോകുന്നത്. ബി.ജെ.പിക്ക് ജില്ലയിൽ സ്ഥാനമില്ല.

വിജയ പ്രതീക്ഷ : വിജയകുമാർ മണിപ്പുഴ

ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി

ജില്ലയിലെ ചില മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷയുണ്ട്. കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങൾക്ക് ജനങ്ങൾ അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം.