വാസ്തുശാസ്ത്രത്തിൽ ഏറെ ശ്രദ്ധിക്കേണ്ട വലിയൊരു ശാസ്ത്ര തത്വമാണ് വീടുകളുടെ നില. വീടുകൾ ഏതെങ്കിലുമൊരു ദിശയിലേയ്ക്ക് വേണം കൃത്യമായി നിൽക്കാൻ. എന്നാൽ ഒരു ദിശയിലേയ്ക്കുമല്ലാത്ത ധാരാളം വീടുകൾ കേരളത്തിൽ കണ്ടുവരുന്നുണ്ട്. മറ്റുസംസ്ഥാനങ്ങളിൽ താരതമ്യേന ഇത്തരം വീടുകൾ ഇല്ലെന്ന് തന്നെ പറയാം. ഒരു ദിശയിലേയ്ക്കും വീട് നിൽക്കാതിരിക്കുക എന്ന് പറഞ്ഞാൽ വീടുകൾ ഇരു ദിശകളിലായി നിൽക്കുക എന്ന് അർത്ഥമുണ്ട്. അതായത് രണ്ടോ മൂന്നോ ദിശയ്ക്ക് അഭിമുഖമായി വീട് വരുക എന്നതാണ് അർത്ഥമാക്കുന്നത്. അങ്ങനെ കൃത്യമായി ഒരു ദിശയിലേയ്ക്ക് നിൽക്കാത്ത വീട്ടിൽ വസിക്കുന്നത് തീർച്ചയായും ഒഴിവാക്കുക തന്നെ വേണം. ചിലയിടത്ത് വസ്തുവിന്റെ കിടപ്പ് വൈവിദ്ധ്യ ദിശയിലേയ്ക്ക് ചരിഞ്ഞു നിന്നാൽ അതിന് ആനുപാതികമായി ചിലർ വീട് പണിയാറുണ്ട്. അതായത് വസ്തുവും വീടും ചരിഞ്ഞ് നിൽക്കും.
അത് ഇങ്ങനെയൊക്കെ ആവാം. കിഴക്ക് ദർശനമായി നിൽക്കുന്നുവെന്ന് വിവക്ഷിക്കുന്ന വീട് തെക്ക് കിഴക്കോട്ടോ വടക്കുകിഴക്കോട്ടോ ആവാം നിൽക്കുക. തെക്കോട്ടുളള വീട് തെക്ക് പടിഞ്ഞാറോ, തെക്കു കിഴക്കോ നോക്കി നിൽക്കാം. പടിഞ്ഞാറേയ്ക്കുള്ള വീട് തെക്കു പടിഞ്ഞാറേയ്ക്കോ, വടക്കു പടിഞ്ഞാറേയ്ക്കോ നിൽക്കാം. വടക്കോട്ടുള്ള വീട് വടക്ക് പടിഞ്ഞാറായോ, വടക്ക് കിഴക്കിലേയ്ക്കോ നോക്കാം. ഇങ്ങനെ എത് തരത്തിലായാലും ചരിഞ്ഞ് നിന്നാൽ അത് കടുത്ത ദോഷമുണ്ടാക്കുന്നതായി ആധുനിക വാസ്തുഗവേഷണങ്ങൾ തെളിയിക്കുന്നുണ്ട്. ചില വീടുകളോ വസ്തുക്കളോ ചരിഞ്ഞുനിന്നാൽ പോലും ഒറ്റനോട്ടത്തിൽ ചരിവ് തോന്നില്ല. സൂര്യരശ്മികളുടെ ഊർജവിതാനം കണ്ടെത്തിയും ജി.പി.എസ് പരിശോധനകളാലും മാത്രമേ യഥാർത്ഥ ചരിവ് കണ്ടെത്താനാവൂ. വസ്തു രണ്ടുദിശ നോക്കി നിൽക്കുന്ന ചരിവ് പരിഹരിക്കാൻ സാധാരണ ഗതിയിൽ ഏറെ അദ്ധ്വാനം വേണ്ടിവരും. വസ്തുവിൽ കാര്യമായ ചരിവ് വരാതിരിക്കുകയും എന്നാൽ വീടു മാത്രം ചരിയുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാവുന്നതേയുള്ളൂ.
ചെറിയ പൊളിക്കലുകളിലൂടെ ഇത് സാദ്ധ്യമാകും.
ചരിഞ്ഞു നിന്നാൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം. ഭൂമിയിൽ ഉൗർജവിധാനത്തിന് നിശ്ചിത രീതി ഉണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ആ രിതി വിട്ട് ഒരു ഉൗർജകണം പോലും ചലിക്കുന്നില്ല. ഭൂമി ചരിഞ്ഞു നിന്നാൽ ഉൗർജത്തിന് നിശ്ചിതമായ ദിശയിൽ അതിന്റെ കണവിന്യാസം സാദ്ധ്യമാക്കാനാവില്ല. അപ്പോൾ ഭൗമമാതൃക എങ്ങനെയാണോ അതിലേയ്ക്ക് നിയതമായ രീതിയെ ക്രമപ്പെടുത്തുന്നത്,അതിന് എതിരായ മാതൃകയിൽ ഉൗർജ കണങ്ങൾ ഒഴുകിപ്പരക്കും. ഇത് നിറയെ മോശപ്പെട്ട രീതിയിലേയ്ക്ക് കാര്യങ്ങളെത്തിക്കും. അത്തരം സ്ഥലങ്ങളിൽ കിണറിലെ വെള്ളം മുതൽ മണ്ണുവരെ എപ്പോഴും മാറിക്കൊണ്ടേയിരിക്കും. എതിർ ഉൗർജകണങ്ങൾ കൂട്ടിമുട്ടുകയോ എതിരായി ഒാടുകയോ ചെയ്യാം. എതിരായി പോകുന്ന ഉൗർജങ്ങൾ എപ്പോഴും കുത്തനെയോ, കുത്തിയിറങ്ങിയോ, ലംബമായോ പോകേണ്ടിവരാം. ഒരേ ധാരയിൽ പോകേണ്ടവയാണിങ്ങനെ മാറി മറിയുന്നത്. ആ മാറ്റിമറിച്ചിലുകളാണ് പ്രതിസന്ധിയായി മാറുന്നത്.
സംശയവും മറുപടിയും
വീട് വാർക്കുമ്പോൾ ബീമുകൾ വടക്കുകിഴക്ക് ഭാഗത്ത് ഫാഷനുവേണ്ടി ക്രമപ്പെടുത്താമോ?
പി.കെ. ദാമോദര വാര്യർ,
പൂങ്കുന്നം,തൃശൂർ
വടക്കുകിഴക്ക് പാടില്ല. തെക്കിലോ, തെക്കുപടിഞ്ഞാറിലോ മാത്രമെ അത്തരം ക്രമപ്പെടുത്തൽ പാടുള്ളൂ. ചെയ്തു കഴിഞ്ഞവയെങ്കിൽ ആനുപാതികമായ മാറ്റം തെക്ക് പടിഞ്ഞാറിൽ വരുത്തുകയും വേണം.