കൊല്ലം: "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ?" പതിനഞ്ചിൽപ്പരം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് ലോകമെങ്ങും അലയടിയ്ക്കുന്ന കവിത സ്നേഹവീട് കലാസാംസ്കാരിക സമിതി ഏർപ്പെടുത്തിയ ചെമ്മനം ചാക്കോ സാഹിത്യ പുരസ്കാരത്തിന് അർഹമായി.
ഏപ്രിൽ പത്തിന് ആലപ്പുഴയിൽ നടക്കുന്ന സ്നേഹവീട് കലാസാംസ്കാരിക സമിതി പത്താം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനത്തിൽ വച്ച് കവി ഇഞ്ചക്കാട് ബാലചന്ദ്രന് പുരസ്കാരം സമർപ്പിക്കും. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 29 വർഷം മുൻപ് എഴുതിയ ഈ കവിത ഇപ്പോഴും അലയടിക്കുകയാണ്. മൂന്ന് പതിറ്റാണ്ടോട് അടുക്കുമ്പോഴും കവിതയ്ക്ക് പ്രാധാന്യം ഏറിവരികയാണ്. കൊല്ലത്ത് കായലിന്റെ മാലിന്യ പ്രശ്നത്തിനെതിരെ യുവകലാസാഹിതി സംഘടിപ്പിച്ച 17 കിലോമീറ്റർ ദൂരമുള്ള കായൽ യാത്രയിലാണ് ബാലചന്ദ്രൻ ഈ കവിതയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ചത്.
മൂന്നാംവരിയായ 'മലിനമായ ജലാശയം അതി മലിനമായാെരു ഭൂമിയും' എന്ന് എഴുതിയത് അഷ്ടമുടി കായലിനെ ഓർത്തുകൊണ്ടുതന്നെ. ബാലചന്ദ്രൻ ഈണം നൽകിയതോടെ ഗായക സംഘം അതേറ്റുപാടി. പി.കെ.ബാലചന്ദ്രൻ എന്നായിരുന്നു അക്കാലത്ത് കവി അറിയപ്പെട്ടിരുന്നത്. പിന്നീട് ആദിവാസികൾ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ നിൽപ്പ് സമരത്തിൽ രശ്മി സതീഷ് എന്ന ഗായിക ഈ കവിത മനോഹരമായി പാടിയതോടെയാണ് തരംഗമായത്. പിന്നെ വലിയ പ്രചാരം കിട്ടിയതോടെ നാടൻപാട്ടുകാരെല്ലാം കവിത ഏറ്റെടുത്തു.
ശാസ്താംകോട്ട ശൂരനാട് ഇഞ്ചക്കാട് വളഞ്ഞാംപുറത്ത് പാച്ചൻ- കുഞ്ഞമ്മ ദമ്പതികളുടെ മകനായ പി.കെ.ബാലചന്ദ്രൻ ഇഞ്ചക്കാട് ബാലചന്ദ്രനായി മാറിയതും ഈ കവിത ഹിറ്റ് ആയതോടെയാണ്. സ്റ്റാറ്റിറ്റിക്സ് ഓഫീസറായി സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം കവിതയെഴുത്തിലും പരിസ്ഥിതി പ്രവർത്തനങ്ങളിലും കൂടുതൽ സജീവമായ ഇഞ്ചക്കാട് ബാലചന്ദ്രൻ 'കഥപറയും മുത്തശ്ശൻ", 'നരോപനിഷത്ത്" എന്നീ ചിത്രങ്ങൾ കഥയെഴുതി സംവിധാനം ചെയ്തു. മറ്റ് സിനിമകൾക്കുവേണ്ടി പാട്ടുകളുമെഴുതി.
അശ്വാരൂഡൻ സിനിമയിലെ 'അഴകാലില മഞ്ഞച്ചരടിലെ പൂത്താലി" എന്ന ഗാനം ഹിറ്റായിരുന്നു. പിന്നെയും നിരവധി ഗാനങ്ങളെഴുതി. നല്ല പാട്ടിലൂടെ നല്ല മനുഷ്യനിലേക്ക് എന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നല്ല ആശയങ്ങളുൾക്കൊള്ളുന്ന അനേകം ഗാനങ്ങൾ എഴുതിയും പാടിയും ചിത്രീകരിച്ചും പ്രചരിപ്പിച്ചു. നല്ല ഭൂമിയും നല്ല മനുഷ്യരും എന്ന യൂട്യൂബ് ചാനൽ തുടങ്ങിയതും ഇതേ ആശയത്തുടർച്ചയ്ക്കായിട്ടാണ്. അക്ഷരങ്ങളും മണ്ണും മനസ്സും പ്രകൃതിയും ചേർന്നുകിടക്കുന്നതിനാൽ ഇനിയും ഒരുപാട് എഴുതാനുണ്ടെന്നാണ് ബാലചന്ദ്രൻ പറയുന്നത്. കൊവിഡ് കാലത്ത് കവിതാവേദികൾ കുറവായിരുന്നു. എന്നാൽ, വീണ്ടും വേദികൾ ഉണരുന്നതിന്റെ സന്തോഷത്തിലാണ് ബാലചന്ദ്രൻ. അതിനിടയിലാണ് പുരസ്കാരവും. ഭാര്യ: മീന. മക്കൾ: വിമൽരാജ്, വിനീത, വിനീത്. മരുമക്കൾ: ചിത്ര, ദേവ്, അഹല്യ.