കൊല്ലം: കത്തിച്ചുവച്ച ആട്ടവിളക്കിന് പിന്നിലെ ഭാവപ്പകർച്ചപോലെയാണ് കൊട്ടാരക്കരയിലെ തിരഞ്ഞെടുപ്പ് രംഗം. കഥകളി പിറന്ന മണ്ണ് ഇത്തവണ ആർക്കൊപ്പമെന്ന് തീർത്ത് പറയാനൊക്കില്ല. ഇടത് ചായ്‌വെന്ന് നല്ലൊരു കൂട്ടർ പറയുന്നുണ്ടെങ്കിലും മത്സരം തീപാറും. വീറും വാശിയും പ്രകടമാണ് ഓരോ തിരഞ്ഞെടുപ്പുകളിലും. മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോനും ഏറെക്കാലം മന്ത്രിയായിരുന്ന ആർ.ബാലകൃഷ്ണപിള്ളയും ഇ. ചന്ദ്രശേഖരൻ നായരും പിന്നെ പിള്ളയെ തോൽപ്പിച്ച കൊട്ടറ ഗോപാലകൃഷ്ണനും ഡി.ദാമോദരൻ പോറ്റിയും ഏറ്റവുമൊടുവിൽ പി. ഐഷാപോറ്റിയുമാണ് കൊട്ടാരക്കരയിൽ നിന്ന് ജയിച്ചുകയറിയിട്ടുള്ളവർ.
പഴയ കൊട്ടാരക്കരയല്ല
കൊച്ചി പഴയ കൊച്ചിയല്ലെന്ന് പറയുംപോലെ കൊട്ടാരക്കര പഴയ കൊട്ടാരക്കരയല്ല. നെടുവത്തൂർ മണ്ഡലം ഇല്ലാതായതോടെ കൂട്ടിയും കുറച്ചുമാണ് മണ്ഡലം ഒരുക്കിയെടുത്തത്. അതുകൊണ്ടുതന്നെ പഴയ വിജയങ്ങളെപ്പറ്റി അധികം പറഞ്ഞിട്ടും കാര്യമില്ല. ഇന്നിപ്പോൾ കൊട്ടാരക്കര നഗരസഭ, കുളക്കട, മൈലം, ഉമ്മന്നൂർ, നെടുവത്തൂർ, എഴുകോൺ, കരീപ്ര, വെളിയം പഞ്ചായത്തുകളും ഉൾക്കൊള്ളുന്ന മണ്ഡലമാണ് കൊട്ടാരക്കര. മൂന്ന് തവണ എം.എൽ.എ ആയ പി. ഐഷാ പോറ്റിയ്ക്ക് മണ്ഡലത്തിൽ വലിയ സ്വീകാര്യത ഇപ്പോഴുമുണ്ട്. രണ്ടുതവണ മത്സരിച്ചവരെ മാറ്റി നിറുത്താൻ സി.പി.എം ആലോചിച്ചപ്പോൾ മൂന്നുതവണ മത്സരിച്ചുജയിച്ച ഐഷാപോറ്റിയെ മാറ്റേണ്ടി വന്നതാണ്.
ജയിച്ചാൽ മന്ത്രിയെന്ന്
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗമായ കെ.എൻ.ബാലഗോപാൽ മത്സരിക്കാനെത്തിയപ്പോഴാണ് കൊട്ടാരക്കരയ്ക്ക് ഒരു സ്റ്റാർ ഇലക്ഷൻ പദവി ലഭിച്ചത്. ബാലഗോപാൽ ജയിച്ചാൽ മന്ത്രിയാണെന്നാണ് ഇടത് പ്രചരണം. എന്നാൽ എല്ലാവരോടും ചിരിച്ചമുഖവുമായി ഇടപെടുന്ന ആർ. രശ്മിയിൽ യു.ഡി.എഫ് വലിയ പ്രതീക്ഷയർപ്പിക്കുകയാണ്. രണ്ട് തവണ ജില്ലാ പഞ്ചായത്തിലേക്കും ഒരു തവണ ഗ്രാമപഞ്ചായത്തിലേക്കും വിജയിച്ചതാണ് രശ്മിയുടെ മേന്മ. എന്നാൽ, ഇടത് തരംഗമുള്ള സമയത്ത് വിജയം ഉറപ്പാണെന്ന് കെ.എൻ.ബാലഗോപാലിനറിയാം. സർക്കാരിന്റെ വികസന-ക്ഷേമ നേട്ടങ്ങൾ, ഐഷാപോറ്റി കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ എന്നിവയൊക്കെ വോട്ടായി മാറുമെന്ന് ഇടത് കേന്ദ്രങ്ങൾക്ക് ഉറപ്പാണ്. രാജ്യസഭ എം.പിയായിരിക്കെ കൊട്ടാരക്കര മണ്ഡലത്തിൽ ഒന്നര കോടിയിലധികം രൂപ വികസനത്തിനായി നൽകിയതും ബാലഗോപാലിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
ബി.ജെ.പി അവഗണിക്കാനാവാത്ത ശക്തി
അതേസമയം, മണ്ഡലത്തിൽ ബി.ജെ.പിയുടെ വളർച്ച തള്ളിക്കളയാനാവില്ല. മണ്ഡലം പ്രസിഡന്റുകൂടിയായ വയയ്ക്കൽ സോമൻ സമരമുഖങ്ങളിലൂടെ നിറഞ്ഞുനിന്ന പോരാളിയാണ്. മണ്ഡലത്തിലെ ഓരോ മുക്കിലും മൂലയിലും ബന്ധങ്ങളുമുണ്ട്. പിന്നെയുമുണ്ട് കുറച്ചേറെ സ്ഥാനാർത്ഥികൾ. ശിവസേനയും വൺ ഇന്ത്യ വൺ പെൻഷൻ പാർട്ടിയുമടക്കം ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ള ജില്ലയിലെ മണ്ഡലമാണ് കൊട്ടാരക്കര.
പിള്ള രംഗത്തില്ല
പഴയ പടക്കുതിര കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറങ്ങിയില്ല. ആരോഗ്യ സ്ഥിതി തീർത്തും മോശമായി ആശുപത്രിയിലായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഉടൻ പത്രക്കാരോട് രാഷ്ട്രീയം പറഞ്ഞുതുടങ്ങി. പിള്ളയും പാർട്ടിയും ഇടത് മുന്നണിയുടെ ഘടകകക്ഷിയായുള്ള തിരഞ്ഞെടുപ്പുമാണ്. നഗരസഭയുടെ ചെയർമാനടക്കം പിള്ളയുടെ പാർട്ടിയുടേതാണ്.