photo
പുരോഗമന കലാസാഹിത്യസംഘം കോട്ടാത്തല മരുതൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച ചായക്കട സംവാദം

കൊട്ടാരക്കര: "കടുപ്പം കൂട്ടി മധുരം കുറച്ചൊരു ചായ"- കോട്ടാത്തല പേരൂർ വീട്ടിൽ മോഹനൻ ഒന്നുറക്കെ പറഞ്ഞു. ചായയൊഴിക്കുന്ന തിരക്കിനിടയിലും പള്ളിപടിഞ്ഞാറ്റതിൽ കൃഷ്ണൻ കുട്ടി കേട്ടെന്ന് ഭാവിക്കാനായി ഒന്നിരുത്തി മൂളിയിട്ട് മോഹനനെ നോക്കി. ബൈക്കിൽ ചീറിപ്പാഞ്ഞുവരുന്നതിനിടയിൽ ചായക്കടയിലെ ആൾക്കൂട്ടം കണ്ടപ്പോൾ പ്ളാപ്പള്ളി വീട്ടിൽ ലാലിന് എന്താണെന്നറിയണം. തിരഞ്ഞെടുപ്പിന്റെ സംവാദമാണെന്നറിഞ്ഞപ്പോൾ കസേരയില്ലെങ്കിലും തറയിൽ മുന്നിൽത്തന്നെ ഇരുന്നു. കൊട്ടാരക്കരയിലെ തിരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല, സംസ്ഥാനത്ത് തുടർ ഭരണമുണ്ടാകാനുള്ള എല്ലാ അനുകൂല ഘടകങ്ങളും അവിടെ വിഷയമായി. കെ.എൻ.ബാലഗോപാലിന്റെ വിദ്യാർത്ഥി രാഷ്ട്രീയം മുതൽ ഇതുവരെയുള്ള പൊതുജീവിതത്തിന്റെ രത്നച്ചുരുക്കം നടത്തി കോട്ടാത്തല യു.പി സ്കൂളിന്റെ പ്രഥമാദ്ധ്യാപകൻ കൂടിയായ സി.പി.എം നേതാവ് ബി.എസ്.ഗോപകുമാർ സംവാദത്തിന്റെ ഉദ്ഘാടനം നടത്തി. റിട്ട.അദ്ധ്യാപകൻ പാവക്കാട്ട് നടരാജന് കുറച്ചേറെ ചോദിക്കാനുണ്ടായിരുന്നു. മഹിളാ അസോസിയേഷൻ സെക്രട്ടറി സ്മിതാ മോൾ സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ നടത്തിയ നേട്ടങ്ങൾ പറഞ്ഞു. ചായക്കടക്കാരന്റെ ഭാര്യ ലീല അത് ശരിവച്ചു. കശുഅണ്ടി മേഖലയിലെ നേട്ടങ്ങൾ പറയാനും അവർ മറന്നില്ല. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും പു.ക.സ ജില്ലാ കമ്മിറ്റി അംഗവുമായ കോട്ടാത്തല ശ്രീകുമാർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ പൊതു ചിത്രം വെളിപ്പെടുത്തി. ആർ.ബിജുവും സിജുവും ബിനുവും ലോട്ടറി വിൽപ്പനക്കാരനുമൊക്കെ ചായകുടിച്ചുകൊണ്ട് ചർച്ചകളെ വീക്ഷിച്ചു. തൊട്ടടുത്ത സ്റ്റേഷനറി കടയുടമ സജികുമാറിന് കടയിൽ വരുന്നവർ പറയാറുള്ള തിരഞ്ഞെടുപ്പ് വിശേഷങ്ങൾ അവതരിപ്പിക്കാനുമായി. കാണാനും കേൾക്കാനുമായി പിന്നെയും ആളുകളൊത്തിരി കൂടിയപ്പോൾ പുരോഗമന കലാ സാഹിത്യസംഘം സംഘടിപ്പിച്ച ചായക്കട സംവാദം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ കോട്ടാത്തലയിൽ നവ്യാനുഭവമായി മാറി. ചർച്ച തീർന്നപ്പോഴാണ് ചിത്രകാരനായ പാട്ടീലയ്യത്ത് സുരേഷിന്റെ വരവ്. ചർച്ചയിൽ പങ്കെടുത്തില്ലെങ്കിലും കട്ടൻകാപ്പി കുടിച്ചിട്ടാണ് സുരേഷും മടങ്ങിയത്.