കൊല്ലം: പഠിക്കാൻ സമയം നൽകാതെ പരീക്ഷകൾ പ്രഖ്യാപിച്ച് കേരള സർവകലാശാല വിദ്യാർത്ഥികളെ വെട്ടിലാക്കി. മൂന്നാംവർഷ ബി.എ, ബി.കോം, ബി.എസ്‌സി ബിരുദ വിദ്യാർത്ഥികളുടെ അഞ്ചാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞമാസം 19നാണ് അവസാനിച്ചത്. ഒരുമാസത്തെ ഇടവേളപോലും നൽകാതെ ആറാം സെമസ്റ്റർ പരീക്ഷ ഈ മാസം 15 മുതൽ നടത്താനാണ് തീരുമാനം. ഭൂരിഭാഗം കോളേജുകളിലും ആറാം സെമസ്റ്ററിന്റെ ക്ലാസ് രണ്ടാഴ്ച മുൻപാണ് തുടങ്ങിയത്.
ആറാം സെമസ്റ്ററിൽ മെയിൻ പേപ്പറുകൾ മാത്രമാണുള്ളത്. കൂടുതൽ ശ്രദ്ധയോടെ പഠിക്കേണ്ടതുണ്ട്. ഇതിനിടയിൽ പ്രോജക്ടുകളും അസൈൻമെന്റുകളും തയ്യാറാക്കണം.
ഏപ്രിൽ 15ന് പരീക്ഷ ആരംഭിച്ചാൽ കഷ്ടിച്ച് ഒരു മാസത്തെ ക്ലാസ് മാത്രമാവും ലഭിക്കുക. സമർത്ഥരായ വിദ്യാർത്ഥികൾക്കുപോലും ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ സിലബസ് പൂർണമായും പഠിച്ചുതീർക്കാനാവില്ല. തിരഞ്ഞെടുപ്പ് ജോലിയുടെ പരിശീലനത്തിന് പോയതിനാൽ പല അദ്ധ്യാപകർക്കും കൃത്യമായി ക്ലാസെടുക്കാനും കഴിഞ്ഞിട്ടില്ല. അവസാന സെമസ്റ്ററിൽ മാർക്ക് കുറഞ്ഞാൽ ഉപരിപഠനത്തെയും ദോഷകരമായി ബാധിക്കും.
സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളുകൾ
കൊവിഡിന് മുൻപേ കേരള സർവകലാശാലയിൽ പരീക്ഷകളുടെ താളംതെറ്റിയിരുന്നു. വിദ്യാർത്ഥികളുടെ അവസ്ഥകണക്കിലെടുക്കാതെ കൂട്ടത്തോടെ പരീക്ഷകൾ നടത്തി ജോലി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.
പരീക്ഷാത്തീയതി മാറ്റാൻ വിദ്യാർത്ഥികൾ സർവകലാശാലാ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇടവേളയില്ലാതെ പരീക്ഷ നടത്തുന്നതിനെ പരിഹസിച്ചുകൊണ്ട് സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളുകൾ പ്രചരിക്കുകയാണ്.
'' സർവകലാശാലാ കലണ്ടർ പ്രകാരം ആറാം സെമസ്റ്റർ ക്ലാസ് കഴിഞ്ഞ നവംബറിൽ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് പഠിക്കാൻ സമയം ലഭിച്ചില്ലെന്ന് പറയുന്നതിൽ അർത്ഥമില്ല.''
ഡോ. കെ.ബി. മനോജ്
(കേരള സർവകലാശാല സിൻഡിക്കേറ്റ്
പരീക്ഷാ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)