nadda

കരുനാഗപ്പള്ളി: അയ്യപ്പ വിശ്വാസികളെ പിണറായി സർക്കാർ ലാത്തികൊണ്ട് അടിച്ച് അവശരാക്കിയപ്പോൾ കൈയുംകെട്ടി നോക്കിനിന്നവരാണ് കേരളത്തിലെ കോൺഗ്രസുകാരെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. കരുനാഗപ്പള്ളിയിൽ എൻ.ഡി.എ പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ ശക്തമായി നിലകൊണ്ടത് ബി.ജെ.പി മാത്രമാണ്. ഇടതുസർക്കാർ കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും തകർക്കുകയാണ്. കോൺഗ്രസ് വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു. പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടമുണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് മണിക്കൂറിനകം സ്ഥലത്ത് പറന്നിറങ്ങി. ശബരിമലയിലെ തിക്കിലും തിരക്കിലും നിരവധിപേർ മരിച്ചപ്പോൾ അന്നത്തെ കോൺഗ്രസ് പ്രധാനമന്ത്രി മൻമോഹൻ സിംഗ് തിരിഞ്ഞു നോക്കിയില്ല.

കേരളത്തിന്റെ വികസനത്തിന് മോദി സർക്കാർ എന്തുചെയ്‌തെന്നാണ് ഇടതുപക്ഷവും കോൺഗ്രസും ചോദിക്കുന്നത്. ഇന്ത്യയിലെ 11.70 കോടി കർഷകർക്ക് 6000 രൂപ വീതം അക്കൗണ്ടിൽ നൽകിയപ്പോൾ കേരളത്തിലെ 26 ലക്ഷം കർഷകരാണ് ഗുണഭോക്താക്കളായത്. 450 കിലോമീറ്റർ കൊച്ചി - മംഗലാപുരം ഗെയിൽ പൈപ്പ്ലൈന് 3000 കോടി ചെലവിട്ടു. ദേശീയപാത വികസനത്തിന് കോടികൾ കേന്ദ്രം അനുവദിക്കുന്നുണ്ടെങ്കിലും സ്ഥലം നൽകുന്നതിലടക്കം ഗുരുതരമായ വീഴ്ചയാണ് സംസ്ഥാന സർക്കാരിന്റേത്. കേരളത്തിലെ ബി.ജെ.പിയുടെ വോട്ട് അഞ്ചിൽ നിന്ന് 17 ശതമാനമായി ഉയർന്നെന്നും ജെ.പി. നദ്ദ പറഞ്ഞു.

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി, ചവറ, കുന്നത്തൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ ബിറ്റി സുധീർ, വിവേക് ഗോപൻ, രാജി പ്രസാദ് എന്നിവർ പങ്കെടുത്തു.