കരുനാഗപ്പള്ളി: മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ 10 ഇന വികസന രേഖ പ്രിയങ്കാ ഗാന്ധി പ്രകാശനം ചെയ്തു. കരുനാഗപ്പള്ളി മണ്ഡലത്തിൽ വരുന്ന അഞ്ച് വർഷക്കാലം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മിഷൻ 2021 -26 പരിപാടിയിൽ ഉൾപ്പെടുത്തിയാണ് വികസന രേഖ തയ്യാറാക്കിയത്. മണ്ഡലത്തിൽ സമ്പൂർണ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന ഡീസാലിനേഷൻ ഉൾപ്പടെയുള്ള സാദ്ധ്യതകൾ പരിശോധിക്കും. താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സ വിഭാഗം, കാൻസർ രോഗ ചികിത്സ വിഭാഗം, ബ്ലഡ് ബാങ്ക് എന്നിവ സ്ഥാപിക്കും. നിലവിലുള്ള സി.എച്ച് .സി കളും, പി. എച്ച് .സികളും, കൂടുതൽ മെച്ചപ്പെടുത്തും. ഷാഫി പറമ്പിൽ എം .എൽ. എ കാൽപ്പാത്തിയിൽ നടപ്പിലാക്കിയ ടൗൺ വികസന മാതൃക ഓച്ചിറ ടൗണിലും നടപ്പിലാക്കും. ഉത്സവ കാലങ്ങളിൽ ഉണ്ടാകാവുന്ന വൈദ്യുതി മുടക്കം പരിഹരിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കും. സുനാമി പുനരധിവാസ കോളനികൾ നവീകരിക്കും. തീര സംരക്ഷണത്തിന് ഉതകുന്ന തീര സമൃദ്ധി പദ്ധതിയും ഒപ്പം വട്ടക്കായൽ ആയിരം തെങ്ങ് മിനി ടൂറിസം സർക്യൂട്ട് 10 ഇന പരിപാടികളിൽ ഉൾപ്പെടുത്തി. തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓട്ടോ തൊഴിലാളികൾക്കും ആരോഗ്യ ചികിത്സ പദ്ധതി ഉറപ്പാക്കും. കശുഅണ്ടി, കയർ, തഴപ്പായ, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലയുടെ പുനരുദ്ധാരണത്തിനും പുനഃസംഘടനത്തിനും പദ്ധതി തയ്യാറാക്കും. സിവിൽ സർവീസ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളിൽ മണ്ഡലത്തിലെ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. ചടങ്ങിൽ കെ.സി.രാജൻ. സി.ആർ.മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.