election-campaign

 തിരഞ്ഞെടുപ്പിന് ഇനി നാലുനാൾ മാത്രം

കൊല്ലം: വോട്ടെടുപ്പിന് നാലുനാൾ മാത്രം ശേഷിക്കേ ചുട്ടുപൊള്ളുന്ന മീനച്ചൂടിനെ വകവയ്ക്കാതെ മുന്നണികൾ ആവേശക്കൊടുമുടിയിലാണ്. പതിനെട്ടടവും പയറ്റി വോട്ടർമാരെ കൈയിലെടുക്കാൻ രാപ്പകലില്ലാതെ നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. സിനിമാ - സീരിയൽ താരങ്ങളെ കളത്തിലിറക്കിയും സമൂഹമാദ്ധ്യമങ്ങളിലൂടെ രാഷ്ട്രീയ ചർച്ചകൾ സംഘടിപ്പിച്ചും വോട്ടുപിടിത്തം പൊടിപൊടിക്കുന്നുണ്ട്. സ്ഥാനാർത്ഥികളുടെയും നേതാക്കളുടെയും വോട്ടഭ്യർത്ഥിക്കുന്ന വോയ്‌സ് മെസേജുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പൊള്ളുന്ന ചൂടിൽ പുനലൂർ

സംസ്ഥാനത്തെ ചൂടുകൂടിയ പ്രദേശമായ പുനലൂരിൽ തിരഞ്ഞെടുപ്പ് ഉഷ്ണക്കാറ്റ് ഇടതുപക്ഷത്തിന് അനുകൂലമായാണ് വീശുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥി പി.എസ്. സുപാൽ പ്രചാരണത്തിൽ വളരെ മുന്നിലാണ്. അബ്ദുറഹിമാൻ രണ്ടത്താണിയുടെ യു.ഡി.എഫ് ക്യാമ്പുകളും സജീവമാണ്. പുനലൂർ സീറ്റ് ഇത്തവണ യു.ഡി.എഫ് ലീഗിനാണ് നൽകിയത്. മണ്ഡലം നിറഞ്ഞ് എൻ.ഡി.എ സ്ഥാനാർത്ഥി ആയൂർ മുരളിയും പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്.

പത്തരമാറ്റ് തിളക്കത്തിൽ പത്തനാപുരം

താരങ്ങളെ എത്തിച്ച് വോട്ട് പിടിക്കുകയാണ് പത്തനാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ബി. ഗണേശ് കുമാർ. ഗണേശിനായി ഓൺലൈൻ വീഡിയോയിലൂടെ വോട്ടഭ്യർത്ഥിച്ച് സൂപ്പർതാരം മോഹൻ ലാലും രംഗത്തെത്തിയിരുന്നു. അതേസമയം, വികസനത്തിന്റെ പേരിൽ സംവാദത്തിന് തയ്യാറുണ്ടോയെന്ന വെല്ലുവിളിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല ഉയർത്തുന്നത്. ഇരുമുന്നണികൾക്കുമൊപ്പം എൻ.ഡി.എയുടെ വി.എസ്. ജിതിൻദേവും സജീവമായി പ്രചാരണരംഗത്തുണ്ട്.

ചടയമംഗലത്ത് ചടുല നീക്കങ്ങൾ

പഴയ ആവേശം അത്ര പ്രകടമല്ലെങ്കിലും ചടയമംഗലത്ത് എൽ.ഡി.എഫ് പ്രവർത്തകർ ജെ. ചിഞ്ചുറാണിക്ക് വേണ്ടി മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി വോട്ട് തേടുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി എം.എം. നസീർ പ്രചാരണത്തിൽ വളരെ മുന്നിലാണ്. എൻ.ഡി.എ സ്ഥാനാർത്ഥി വിഷ്ണുപട്ടത്താനവും ഒട്ടും പിന്നിലാകാതെ പ്രചാരണ രംഗത്തുണ്ട്.

കൊട്ടാരക്കരയെന്ന കോട്ട പിടിക്കാൻ
ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്. കൊട്ടാരക്കരയിലാകെ നിറഞ്ഞുനിൽക്കുകയാണ് അദ്ദേഹം. യു.ഡി.എഫ് സ്ഥാനാർത്ഥി ആർ. രശ്മി ജയിച്ചുകയറാൻ വേണ്ട ശ്രമമെല്ലാം പരമാവധി നടത്തുന്നുണ്ട്. വ്യക്തിബന്ധങ്ങൾ വോട്ടാക്കാനുള്ള പരിശ്രമത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി വയയ്ക്കൽ സോമൻ.

കുന്നത്തൂരിൽ കൂർമ്മതയോടെ

പരസ്യപ്രചാരണം അവസാനിക്കാനിരിക്കേ കുന്നത്തൂർ ത്രികോണ മത്സരത്തിന് സാദ്ധ്യതയുള്ള മണ്ഡലമായി മാറിയിരിക്കുകയാണ്. എൽ.ഡി.എഫ് സ്വതന്ത്രൻ കോവൂർ കുഞ്ഞുമോൻ അഞ്ചാമതും വിജയം നേടാൻ കഠിനാദ്ധ്വാനത്തിലാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ ഇത്തവണ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ അഞ്ച് വർഷവും അദ്ദേഹം മണ്ഡലത്തിൽ സജീവമായിരുന്നു. ഇരുവരെയും ശക്തമായി പ്രതിരോധിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി രാജി പ്രസാദും മുന്നേറുന്നുണ്ട്.

കരുനാഗപ്പള്ളിയിൽ കടുകട്ടിയാകും
ജില്ലയിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കരുനാഗപ്പള്ളി. ഇടതുമുന്നണിയുടെ ആർ. രാമചന്ദ്രനും യു.ഡി.എഫിന്റെ സി.ആർ. മഹേഷും കാഴ്ചവയ്ക്കുന്നത് സമാനതകളില്ലാത്ത മത്സരമാണ്. ആര് വിജയിക്കുമെന്ന സൂചനപോലും ലഭിക്കാത്ത സ്ഥിതിയാണിവിടെ. ഇരുവരുടെയും വോട്ടുകളും പ്രതീക്ഷകളും അടർത്തിയെടുത്താണ് എൻ.ഡി.എ സ്ഥാനാർത്ഥി ബിറ്റി സുധീർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഓടിയെത്തുന്നത്.

ചവറയിൽ കീഴടങ്ങാനാളില്ല

നടൻ മോഹൻലാൻ ഇന്നലെ വോട്ട് ചോദിച്ച് ഓൺലൈൻ വീഡിയോയിൽ വന്നത് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ. പ്രചാരണത്തിൽ മണ്ഡലത്തിൽ നിറസാന്നിദ്ധ്യമാണ് അദ്ദേഹം. അച്ഛൻ വിജയൻപിള്ള എം.എൽ.എയായിരുന്നപ്പോൾ നാട്ടിലെത്തിച്ച വികസനങ്ങൾ തുടരുന്നതിന് ജനങ്ങൾ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണിയുടെ ഡോ. സുജിത്ത് വിജയൻപിള്ള. ഇടത്-വലത് മുന്നണികൾക്കൊപ്പം എൻ.ഡി.എ സ്ഥാനാർത്ഥി സീരിയൽ താരം വിവേക് ഗോപനും പ്രചാരണത്തിൽ സജീവമാണ്.

കൊല്ലത്ത് കടുപ്പമാണ് കാര്യങ്ങൾ

എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ് നടൻ ആസിഫ് അലിയെ പ്രചാരണത്തിന് ഇറക്കിയപ്പോൾ വിട്ടുകൊടുക്കാൻ തയ്യാറാകാതെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയും രംഗത്തെത്തി. നടൻ ജഗദീഷിനെ രംഗത്തിറക്കിയായിരുന്നു ബിന്ദുകൃഷ്ണയുടെ മറുപടി. കരുനാഗപ്പള്ളിക്ക് സമാനമായ മത്സരം കൊല്ലത്തും പ്രതീക്ഷിക്കുന്നുണ്ട്. ഇരുവരും പ്രതീക്ഷ വച്ച വോട്ടുകളിൽ വിള്ളൽ വീഴ്ത്തി എൻ.ഡി.എയുടെ എം. സുനിലും രംഗത്തുണ്ട്.

ഇരവിപുരത്ത് പോര് മുറുകുന്നു

അതിവേഗമാണ് ഇരവിപുരത്തെ മത്സരച്ചിത്രം മാറിമറിഞ്ഞത്. ബഹുദൂരം മുന്നിലായിരുന്ന ഇടതുമുന്നണിയിലെ എം. നൗഷാദിന് യു.ഡി.എഫ് സ്ഥാനാർത്ഥിയും മുൻമന്ത്രിയുമായ ബാബു ദിവാകരനും എൻ.ഡി.എയുടെ രഞ്ജിത്ത് രവീന്ദ്രനും ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്.

കുണ്ടറ കീഴടക്കാൻ കരുതലോടെ

മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയും യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥും തമ്മിൽ കടുത്ത മത്സരമാണ് കുണ്ടറയിൽ അരങ്ങേറുക. ആഴക്കടൽ മത്സ്യബന്ധന കരാർ പറഞ്ഞ് വിഷ്ണുനാഥ് വോട്ട് തേടുമ്പോൾ ഇതൊന്നും വിലപ്പോവില്ലെന്നാണ് മേഴ്‌സിക്കുട്ടിഅമ്മയുടെ പക്ഷം. എൻ.ഡി.എ സ്ഥാനാർത്ഥി വനജ വിദ്യാധരൻ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഒാടിയെത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്.

ചാത്തന്നൂരിൽ ഇത്തവണ ചൂടേറും

നിലവിലെ എം.എൽ.എ കൂടിയായ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ്. ജയലാലിനെ പ്രതിരോധത്തിലാക്കി എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ പ്രചാരണത്തിൽ ഏറെ മുന്നിലാണ്. മൂന്നാം തവണയും മണ്ഡലം തനിക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജയലാൽ. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പും പ്രചാരണത്തിൽ മുന്നേറിയതോടെ ത്രികോണ മത്സരത്തിനുള്ള സാദ്ധ്യതയാണ് ചാത്തന്നൂരിലുള്ളത്.