gandhibhava
കാൻസർ രോഗബാധിതനായ പരമേശ്വരനെ ശക്തികുളങ്ങര എസ്. എച്ച്.ഒ. എൻ.ആർ. ജോസിൽ നിന്നും പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുക്കുന്നു

കൊല്ലം: ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തെത്തുടർന്നുള്ള വെടിവെയ്പിൽ ജീവിക്കുന്ന രക്തസാക്ഷിയും കാൻസർ രോഗിയുമായ വയോധികനെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. കൊല്ലം മരുത്തടി ചാത്തോളിതെക്കതിൽ പരമേശ്വര(63)നാണ് ഗാന്ധിഭവൻ അഭയമൊരുക്കിയത്.

30 വർഷം മുമ്പ് ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയതിനെ തുടർന്ന് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയയാളാണ് പരമേശ്വരൻ .1989 ജൂലായ് 28 നായിരുന്നു ട്രോളിംഗ് നിരോധനത്തിനെതിരെ പ്രക്ഷോഭം നയിച്ച മത്സ്യത്തൊഴിലാളികൾക്കെതിരെ പൊലീസ് വെടി വെച്ചത്. രണ്ട് കാലിലെയും മുട്ടിന് വെടിയേറ്റ പരമേശ്വരൻ അന്ന് 46 ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ചികിൽസയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
ഇപ്പോഴും കാലിൽ ഏറ്റ വെടിയുണ്ട ശസ്ത്രക്രിയ വഴി പുറത്തെടുത്തതിന്റെ അടയാളമുണ്ട്. അടുത്തകാലത്ത് പരമേശ്വരന്റെ വായിൽ കാൻസറിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. സംസാരിക്കുമ്പോൾ അവ്യക്തതയുമുണ്ട്. പരമേശ്വരന്റെ ദുരിതങ്ങൾ പ്രദേശവാസിയും 'നൻമവണ്ടി' കാരുണ്യസംഘടനയുടെ കോ-ഓർഡിനേറ്ററുമായ തൊടിയൂർ സന്തോഷ് അറിയുകയും അദ്ദേഹം ഗാന്ധിഭവനുമായി ബന്ധപ്പെടുകയുമായിരുന്നു . ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെ നിർദ്ദേശപ്രകാരം വാർഡ് കൗൺസിലർ സുമിയുടെ സാന്നിദ്ധ്യത്തിൽ ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. എൻ.ആർ. ജോസിൽ നിന്നും ഗാന്ധിഭവൻ പരമേശ്വരനെ ഏറ്റെടുത്തു. എസ്.ഐ.മാരായ ബിജു രാധാകൃഷ്ണൻ, സത്യദാസ്, ജീവകാരുണ്യപ്രവർത്തകരായ ഷാജഹാൻ രാജധാനി, വാർഡ് കൗൺസിലർ സുനി, തൊടിയൂർ സന്തോഷ്, ഹാരീസ് ഹാരി, ഗണേശൻ, മനോജ്, ബിജു മുഹമ്മദ് എന്നിവർ പങ്കെടുത്തു.