c
പ്രചാരണത്തിനെത്തിയ ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കൊപ്പം സെൽഫിയെടുക്കുന്ന ബാലൻ

കൊല്ലം : പെരിനാട് പഞ്ചായത്തിലെ പര്യടനത്തോടെ കുണ്ടറ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെ. മേഴ്സിക്കുട്ടി അമ്മയുടെ സ്വീകരണ പരിപാടികൾ അവസാനിച്ചു. ഓണമ്പലം സെന്റ് മേരീസ് കാഷ്യൂ ഫാക്ടറി സന്ദർശിച്ചുകൊണ്ടാണ് ഇന്നലെ പര്യടനം ആരംഭിച്ചത്. അവകാശങ്ങൾക്ക് വേണ്ടി വലിയ പോരാട്ടങ്ങൾ നത്തിയവരാണ് കശുഅണ്ടി തൊഴിലാളികളെന്നും പണിയെടുക്കുന്നതിന് അർഹമായ കൂലി ഉറപ്പുവരുത്താൻ എൽ.ഡി.എഫ് സർക്കാരിനായെന്നും മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു.
റെയിൽവെ പാതയ്ക്ക് സമാന്തരമായി ആറ് കോടി രൂപ ചെലവഴിച്ച് ഇളമ്പല്ലൂർ - ചന്ദനത്തോപ്പ് റോഡ് നിർമ്മിച്ചത് പ്രധാന നേട്ടമാണ്. സതേൺ റെയിൽവേ അധികൃതരുമായി നിരന്തര ചർച്ചകൾ നടത്തിയതിന്റെ ഫലമായാണ് റോഡ് യാഥാർത്ഥ്യമായത്. ഇതിലൂടെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കഴിയുമെന്ന് മാമൂട് നൽകിയ സ്വീകരണത്തിൽ മേഴ്സിക്കുട്ടിഅമ്മ വ്യക്തമാക്കി. നാലുവയസുകാരൻ പ്രഗൽഭിന്റെ മുദ്രാവാക്യം വിളികളോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.

ആയിരത്ത് ജയന്തിയിൽ നൽകിയ സ്വീകരണത്തിൽ സജീവെന്ന യുവാവ് മുല്ലനേഴിയുടെ കവിത ചൊല്ലി മേഴ്സിക്കുട്ടി അമ്മയെ സ്വീകരിച്ചു. രാത്രി ഒമ്പത് മണിയോടെ കൊട്ടാരംമുക്കിലാണ് പര്യടനം അവസാനിച്ചത്. സി.പി.എം കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാർ, സി.പി.ഐ ഏരിയാ സെക്രട്ടറി മുളവന രാജേന്ദ്രൻ, എൽ. അനിൽ, സി. സന്തോഷ്, ആൽഫ്രഡ്‌, പ്രസന്നൻ, വി. ബൈജു, ബിജേന്ദ്ര ലേഖ എന്നിവർ നേതൃത്വം നൽകി.