കൊല്ലം: എൺപതിന് മുകളിൽ പ്രായമുള്ളവരുടെ വോട്ട് രേഖപ്പെടുത്തുന്നതിൽ ഗുരുതരവീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് ഇരവിപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ടി.സി. വിജയൻ തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കളക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി.
പോളിംഗ് ജോലിക്കായി ഭരണകക്ഷി അനുഭാവ സർവീസ് സംഘടനയിലെ ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് നിയോഗിച്ചു, പോളിംഗിനായി ഭവനങ്ങൾ സന്ദർശിക്കുന്ന വിവരം യു.ഡി.എഫ് സ്ഥാനാർത്ഥിയെയോ അംഗീകൃത ഏജന്റിനെയോ മുൻകൂട്ടി അറിയിച്ചില്ല, പോളിംഗ് ഉദ്യോഗസ്ഥർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ ധരിക്കാറില്ല, വോട്ട് ചെയ്യാൻ നൽകിയ ബാലറ്റ് പേപ്പർ ഇട്ടിരുന്ന കവർ എളുപ്പത്തിൽ തുറക്കാൻ കഴിയുന്ന വിധമാണ് ഒട്ടിച്ചിരുന്നത്, വോട്ട് ചെയ്ത ബാലറ്റ് പേപ്പറുകളും സുരക്ഷിതമല്ലാതെയാണ് കൊണ്ടുപോകുന്നത്, സി.പി.എം സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ വോട്ടർമാരെ പ്രേരിപ്പിക്കുന്നുണ്ട് തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ. അടിന്തരമായി വിഷയത്തിൽ ഇടപെട്ട് മണ്ഡലത്തിൽ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.