naushad

കൊല്ലം: കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ പൊതുയോഗങ്ങളിലൂടെ പ്രചാരണം കൊഴുപ്പിച്ചിരുന്ന മുന്നണികൾ ഇപ്പോൾ ഉത്തരേന്ത്യൻ മാതൃകയിൽ റോഡ് ഷോകൾ നടത്തി കരുത്ത് കാട്ടുകയാണ്. ദേശീയ - സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായും മണ്ഡലംതലത്തിലും ചെറുതും വലുതുമായ റോഡ് ഷോകൾ അരങ്ങേറുകയാണ്. കാതടപ്പിക്കുന്ന ശബ്ദത്തിൽ വാഹനങ്ങൾ നിരത്തുകൾ കീഴടക്കുമ്പോഴുണ്ടാകുന്ന ആവേശത്തിലൂടെ വോട്ടർമാരെ സ്വാധീനിക്കാനാകുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.

ഇന്നലെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ കരുനാഗപ്പള്ളിയിൽ എത്തിയപ്പോൾ ആയിരക്കണക്കിന് പ്രവർത്തകരെ നിരത്തിലിറക്കിയായിരുന്നു എൻ.ഡി.എയുടെ ശക്തിപ്രകടനം. വൈകിട്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ പങ്കെടുത്ത സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിലും ബി.ജെ.പിയുടെ റോഡ് ഷോ അരങ്ങേറി.

മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് പൊതുയോഗത്തിൽ പങ്കെടുക്കാൻ കൊല്ലത്ത് എത്തിയപ്പോൾ നൂറുകണക്കിന് യുവാക്കൾ ഇരുചക്ര വാഹനങ്ങളുമായി നിരത്തിലിറങ്ങിയിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ വരവ് അറിയിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും തീരദേശത്ത് ബൈക്ക് റാലി നടത്തിയിരുന്നു.

 കൊട്ടിക്കലാശത്തിന്റെ പ്രതീതി

നാട്ടിടവഴികളും നഗരവീഥികളും കീഴടക്കി റോഡ് ഷോകൾ പതിവായതോടെ പ്രചാരണത്തിന്റെ അവസാന നാളിലെ കൊട്ടിക്കലാശത്തിന്റെ പ്രതീതിയാണ് എവിടെയും. മൂന്ന് മുന്നണികളും പരിപാടികൾ ഒരുമിച്ച് നടത്താത്തിനാൽ കാര്യമായ അക്രമസംഭവങ്ങളും വാക്കേറ്റങ്ങളും ഇതുവരെയുണ്ടായില്ല. പുരുഷന്മാർക്ക് പുറമേ സ്ത്രീകളും വൻതോതിൽ അണിനിരക്കുന്നുണ്ട്. വരുംദിവസങ്ങളിൽ അങ്കം കൂടുതൽ കൊഴുക്കുന്നതോടെ മണ്ഡലങ്ങളിലാകെ റോഡ് ഷോകളുടെ പ്രളയമായിരിക്കും.