കുണ്ടറ : കുണ്ടറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെ. മേഴ്സിക്കുട്ടി അമ്മയുടെ പ്രചാരണത്തിന് മാറ്റുകൂട്ടാൻ മന്ത്രി തോമസ് ഐസക്കും കോൺഗ്രസിൽ നിന്ന് എൽ.ഡി.എഫിലെത്തിയ പി.സി. ചാക്കോയും രംഗത്തെത്തിയത് പ്രവർത്തകരെ ആവേശത്തിലാക്കി. കാലഘട്ടത്തിന്റെ രാഷ്ട്രീയം മനസിലാക്കാൻ കഴിയാത്തവർ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുമെന്നും ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന മന്ത്രി മേഴ്സിക്കുട്ടിഅമ്മ മികച്ച വിജയം നേടുമെന്നും പി.സി. ചാക്കോ പറഞ്ഞു. കേരളപുരത്ത് നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖത്തല ജംഗ്ഷനിൽ നടന്ന കൺവെൻഷൻ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കശുഅണ്ടി തൊഴിലാളികൾക്ക് വേണ്ടി മേഴ്സിക്കുട്ടി അമ്മ നടത്തിയ ഇടപെടലുകൾ വോട്ടായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരി സമയത്ത് കുണ്ടറ മണ്ഡലത്തിൽ ജനകീയ ഹോട്ടലുകൾ വഴി സാധാരണക്കാർക്ക് ഭക്ഷണം വിതരണം ചെയ്തത് അഭിമാനകരമായ പ്രവർത്തനമാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
വൈകിട്ട് സംഘടിപ്പിച്ച റാലിയിൽ നൂറുകണക്കിന് ബൈക്കുകളും മറ്റ് വാഹനങ്ങളും അണിനിരന്നു. മൂന്ന് മണിയോടെ ഇളമ്പള്ളൂർ ക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിച്ച റാലി പെരിനാട്, കൊറ്റങ്കര, തൃക്കോവിൽവട്ടം, നെടുമ്പന, ആശുപത്രിമുക്ക് മുളവന പേരയം വഴി കുണ്ടറ മുക്കടയിൽ സമാപിച്ചു. വഴിയിലുടനീളം ആവേശകരമായ സ്വീകരണമാണ് റാലിക്ക് ലഭിച്ചത്.