bal
കൊട്ടാരക്കര തൃക്കണ്ണംഗൽ തോട്ടംമുക്കിൽ സ്വീകരണ പര്യടനത്തിനിടെ കെ.എൻ.ബാലോഗാപാലിന് പെസഹ അപ്പം നൽകുന്നു

കൊല്ലം: കഥകളിയുടെ നാട്ടിൽ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് ഉത്സവ സമാനമായ വരവേൽപ്. രാവിലെ മുതൽ കൊട്ടാരക്കര നഗരസഭയിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളും സജീവമായിരുന്നു. കൊടിതോരണങ്ങൾ കെട്ടിയും ചുവന്ന ബലൂണുകൾ തൂക്കിയും മുത്തുക്കുടകളും മറ്റ് അലങ്കാര കൗതുകങ്ങളുമൊക്കെയായി കാലേക്കൂട്ടി സ്വീകരണ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. രാവിലെ നഗരസഭാ പരിധിയിലെ കോളറക്കോണത്ത് നിന്ന് ആരംഭിച്ച സ്വീകരണ പരിപാടികൾ പി.ഐഷാപോറ്റി ഉദ്ഘാടനം ചെയ്തു. കണിക്കൊന്നപ്പൂക്കളുമായാണ് അവിടെ കുട്ടികളുൾപ്പടെ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. പിന്നെ ഓരോ കേന്ദ്രങ്ങളിലേക്ക് കടന്നപ്പോഴേക്കും കൊട്ടും മേളവുമൊക്കെയായി ഉത്സവ ആരവമുയർന്നു. തെയ്യവും അമ്മൻകുടവും റോഡിൽ നിറഞ്ഞു. ചെണ്ടക്കാരുടെ താളക്കൊഴുപ്പിനൊത്ത് കുട്ടിക്കൂട്ടം നൃത്തംവച്ചു. ബാലസംഘത്തിന്റെ തെരുവ് നാടകങ്ങളുമുണ്ടായിരുന്നു. സർക്കാരിന്റെ അഞ്ചുവർഷത്തെ പ്രവർത്തന നേട്ടങ്ങൾ വിവരിച്ചുകൊണ്ടാണ് ആദ്യ വാഹനങ്ങൾ സ്വീകരണ കേന്ദ്രങ്ങളിലേക്കെത്തുക. ഇവിടെ നേട്ടങ്ങൾ നിരത്തിയുള്ള പ്രസംഗം അവസാനിക്കുമ്പോഴേക്കും സ്ഥാനാർത്ഥിയുടെ വരവായി. അലങ്കരിച്ച തുറന്ന ജീപ്പിൽ റോഡിന് ഇരുവശവുമുള്ളവരെ കൈ വീശിക്കാണിച്ച് ബാലഗോപാലെത്തുന്നതോടെ കവലയിൽ ആളുകൾ തിങ്ങിക്കൂടും. വിവിധ യോഗങ്ങളിലായി സി.ആർ.രാമവർമ്മ, എ.മന്മദൻ നായർ, എസ്.ആർ.രമേശ്, നഗരസഭ ചെയർമാൻ എ.ഷാജു, ഡി.രാമകൃഷ്ണ പിള്ള, വി.രവീന്ദ്രൻ നായർ, ജി.സുന്ദരേശൻ, ജോൺസൺ, മുകേഷ്, ജോയിക്കുട്ടി എന്നിവർ സംസാരിച്ചു. രാത്രിയോടെ അമ്പലപ്പുറത്തായിരുന്നു സ്വീകരണ സമാപനം.

പെസഹ അപ്പം നൽകി

സ്വീകരണ പരിപാടിയുടെ ഭാഗമായി തൃക്കണ്ണമംഗൽ തോട്ടംമുക്കിലെത്തിയ സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് പെസഹവ്യാഴത്തിന്റെ ഭാഗമായി അപ്പം നൽകിയായിരുന്നു നാട്ടുകാരുടെ സ്വീകരണം. പൊതുവേദിയിൽ വച്ച് അപ്പം കഴിച്ചു, ബാക്കി മറ്റുള്ളവർക്ക് വിതരണം ചെയ്തു.