കൊട്ടാരക്കര: എൻ.ഡി.എ സ്ഥാനാർത്ഥി വയയ്ക്കൽ സോമന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ എത്തുന്നു. 4ന് രാവിലെ 11ന് പൂവറ്റൂർ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ നിർമ്മലാ സീതാരാമൻ സംസാരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊട്ടാരക്കര മണ്ഡലത്തിലേക്കുള്ള എൻ.ഡി.എയുടെ പ്രകടന പത്രിക സമ്മേളനത്തിൽ അവതരിപ്പിക്കും. കുടിവെള്ള പദ്ധതി, വ്യവസായ സംരംഭങ്ങൾ, അംഗപരിമിതർക്കായുള്ള സഹായപദ്ധതി എന്നിവയെല്ലാം പ്രകടന പത്രികയിലുണ്ടാകും. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. സ്വീകരണ പര്യടനം ഇന്ന് സമാപിക്കും. ബി.ജെ.പിയുടെ വിവിധ പോഷക സംഘടനകൾ വ്യത്യസ്ത രീതിയിലുള്ള പ്രചാരണവുമായി സജീവമാണ്. കർഷക മോർച്ച, എ.ബി.വി.പി,യുവമോർച്ച, മഹിളാ മോർച്ച എന്നിവയെല്ലാം പ്രചാരണ രംഗത്തുണ്ട്. വാർത്താസമ്മേളനത്തിൽ പാർട്ടി സംസ്ഥാന സമിതിയംഗം ബി.ഗോപിനാഥ്, മണ്ഡലം ജന.സെക്രട്ടറിമാരായ കെ.ആർ.രാധാകൃഷ്ണൻ, പി.എസ്.ഷാലു, രമേശ് അമ്പലക്കര, രഞ്ജിത് വിശ്വനാഥ് എന്നിവർ പങ്കെടുത്തു.