പത്തനാപുരം: കളിസ്ഥലം വേണമെന്ന ആവശ്യവുമായി പത്തനാപുരം യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലക്ക് നിവേദനം നൽകി തലച്ചിറയിലെ ഒരു പറ്റം യുവാക്കൾ. മണ്ഡലത്തിലെ സ്വീകരണ പര്യടനത്തിന്റെ ഭാഗമായി തലച്ചിറയിലെത്തിയ ചാമക്കാല വൈദ്യശാല ജംഗ്ഷനിൽ എത്തിയപ്പോഴായിരുന്നു ഒരു കൂട്ടം ചെറുപ്പക്കാർ തങ്ങൾക്ക് വ്യായാമം ചെയ്യാനും കളിക്കാനും ഒത്തുചേരാനുമൊക്കെയായി ഒരു കളിസ്ഥലം വേണമെന്ന ആവശ്യം നിവേദനമായി യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് നൽകിയത്.യുവാക്കളുടെ ആവശ്യം ന്യായമാണെന്നും തലച്ചിറയിൽ കളിക്കളം കൊണ്ടുവരുമെന്നും ചാമക്കാല ഉറപ്പ് നൽകി. രാവിലെ 9 മണിയോടെ തലച്ചിറ പള്ളിമുക്കിൽ നിന്ന് ആരംഭിച്ച സ്വീകരണ പര്യടനം വൈദ്യശാല ജംഗ്ഷനിൽ സമാപിച്ചു.ഉച്ച കഴിഞ്ഞ് പുന്നല പഞ്ചായത്തിലെ സ്വീകരണം മരുതിമൂട് ജംഗ്ഷനിൽ നിന്ന് തുടങ്ങി രാത്രി 8 മണിയോടെ എലപ്പകോട് ജംഗ്ഷനിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സമാപിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.ആർ.നജീബ് സ്വീകരണ പര്യടനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ രാധാമോഹനൻ, ഡി.സി.സി സെക്രട്ടറിമാരായ ബാബു മാത്യു, ഷെയ്ഖ് പരീദ്, മണ്ഡലം പ്രസിഡന്റ് ഉജ്ജ്വലകുമാർ , പഞ്ചായത്ത് പ്രസിഡന്റ് സജികുമാർ, തലച്ചിറ അസീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരിജ രാജ് എന്നിവർ ചാമക്കാലയെ അനുഗമിച്ചു.