ചാത്തന്നൂർ: ജില്ലയിൽ ആദ്യമായി ബി.ജെ.പി ഭരണസമിതിയുണ്ടാക്കിയ കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഹൃദയമായ പാരിപ്പള്ളിയിൽ പ്രചാരണത്തിനിറങ്ങുമ്പോൾ ബി.ബി. ഗോപകുമാറിന് ആത്മവിശ്വാസം ഇരട്ടിക്കും.
പാരിപ്പള്ളി ഗവ. മെഡി. കോളേജിന്റെ പരിമിതികൾ, കശുഅണ്ടി മേഖലയിലെ പ്രശ്നങ്ങൾ, മാഫിയകൾ കരഭൂമിയാക്കിയ നെൽവയലുകൾ തുടങ്ങി നിരവധി പരാതികളാണ് വോട്ടർമാർ ഗോപകുമാറിനു മുന്നിൽ നിരത്തുന്നത്. അധികാരത്തിലെത്തിയാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന ഉറപ്പാണ് ഓരോ സ്വീകരണ സ്ഥലത്തും ഗോപകുമാർ നൽകുന്നത്.
പാരിപ്പള്ളി ഗവൺമെന്റ് കോളേജിന് മുന്നിൽ ബി.ബി. ഗോപകുമാറിന് വൻ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. സ്ഥലസൗകര്യവും കെട്ടിടസൗകര്യവുമുള്ള മെഡിക്കൽ കോളേജുകളിൽ ഒന്നാണ് പാരിപ്പള്ളിയിലേതെങ്കിലും സാധാരണക്കാരന് അത്യാവശ്യ ഘട്ടത്തിൽ പ്രയോജനപ്പെടുന്നതിനുള്ള അവസ്ഥ ഇനിയും കൈവന്നിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഇന്നലെ രാവിലെ വേളമാനൂരിലെ സ്വീകരണത്തോടെയായിരുന്നു പ്രചാരണത്തിന്റെ തുടക്കം. പടക്കം പൊട്ടിച്ചും ചെണ്ടമേളത്തോടെയുമാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
പ്രിയ അദ്ധ്യാപകന്റെ വിജയത്തിനായി എ.ബി.വി.പിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ചാത്തന്നൂർ ജംഗ്ഷനിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചതും ശ്രദ്ധേയമായി.
കരിമ്പാലൂരിലെത്തിയ സ്ഥാനാർത്ഥിയോട് വഴിയരികിൽ കാത്തു നിന്ന മുത്തശിക്ക് പറയാനുണ്ടായിരുന്നത് പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻനിധിയിലൂടെ ലഭിക്കുന്ന 6000 രൂപയെക്കുറിച്ചായിരുന്നു. ഗോപകുമാർ മുത്തശിക്ക് നൽകിയത് ഷാൾ അണിയിച്ചുള്ള ആദരവും. രാത്രിയോടെ പാരിപ്പള്ളി പുലിക്കുഴിയിലാണ് സ്വീകരണം സമാപിച്ചത്. ബി.ജെ.പി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത്, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, ബ്ളോക്ക് പഞ്ചായത്തംഗം രോഹിണി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബൈജു ലക്ഷ്മണൻ, മുരളീധരൻ, അല്ലി അജി, ദീപ, അഡ്വ. അനീഷ്, കെ. മുരളീധരൻ, പൂവത്തൂർ വിക്രമൻ, സുരേഷ് ചന്ദ്രൻ, ഹരിദേവ് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.