കൊല്ലം: മുണ്ടുമടക്കിയുടുത്ത് പണിക്കാർക്കൊപ്പം പാടത്തെ ചേറിലിറങ്ങുന്ന കെ.എൻ.ബാലഗോപാൽ കർഷക സംഘം പ്രവർത്തകർക്ക് എന്നും ആവേശമാണ്. സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കിയപ്പോൾ കൊട്ടാരക്കര പള്ളിയ്ക്കൽ ഏലായിലടക്കം ജില്ലയിൽത്തന്നെ അൻപതിൽപരം നെൽക്കൃഷിയിടങ്ങളിലാണ് ബാലഗോപാലിന്റെ സാന്നിദ്ധ്യമുണ്ടായത്. ഡി.വൈ.എഫ്.ഐയും കർഷക സംഘവുമൊക്കെയാണ് പലയിടത്തും തരിശുപാടങ്ങളിൽ കൃഷിയിറക്കാൻ മുന്നിട്ടിറങ്ങിയത്. വിത്ത് വിത ഉദ്ഘാടനത്തിന് ആരെന്ന ചോദ്യം ഉന്നയിക്കുമ്പോൾത്തന്നെ എല്ലാവരും പറയുന്നത് കെ.എൻ.ബാലഗോപാലിന്റേതാണ്. അലക്കിത്തേച്ച വസ്ത്രമിട്ടാണ് ബാലഗോപാൽ കാറിൽ വന്നിറങ്ങുക. അപ്പോൾ പരിയമില്ലാത്തവർ പറയും കരയിൽ നിന്ന് വിതച്ചിട്ട് പോകത്തേയുള്ളൂവെന്ന്. പറയുന്നവരെപ്പോലും വിസ്മയിപ്പിച്ചുകൊണ്ട് മുണ്ട് മടക്കിക്കുത്തി ബാലഗോപാൽ ആദ്യംതന്നെ ചെളിപ്പാടത്തേക്കിറങ്ങും. ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള ഇറക്കമല്ലെന്ന് അത് കാണുന്നവർക്കറിയാം. പണിക്കാർക്കും പ്രവർത്തകർക്കുമൊപ്പം വിത്തുവിതച്ചും ഞാറുനട്ടും ഏറെനേരമുണ്ടാകും. ചേറുപറ്റിയ മുണ്ടുമായി കരയ്ക്കു കയറിയിട്ടാണ് അടുത്ത പരിപാടിയ്ക്കുള്ള യാത്ര. കർഷക സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായപ്പോൾ പാടത്തെ ഉദ്ഘാടനങ്ങളുടെ എണ്ണവും കൂടി. കൊയ്ത്തുപാട്ടും ഞാറ്റുപാട്ടുമൊക്കെയുണ്ടെങ്കിൽ ആവേശം കൂടാറുമുണ്ട്. കൊയ്യാനൊക്കെ നല്ല വൈദഗ്ധ്യവുമുണ്ട്. തീർത്തും സാധാരണക്കാർക്കൊപ്പം പ്രവർത്തിച്ചുകടന്നുവന്ന ബാലഗോപാലിന് കൃഷിക്കാരോട് വലിയ ഇഷ്ടവുമാണ്. കാർഷിക പദ്ധതികൾ നടപ്പാക്കുന്നതിന് ഒട്ടേറെ ഇടപെടലുകൾ നടത്തിയതിന്റെ ഗുണവും കൃഷിക്കാർക്കറിയാം. ഡൽഹിയിലെ കർഷക സമരത്തിന്റെ മുന്നണിപ്പോരാളിയായി നിറഞ്ഞു നിന്ന ബാലഗോപാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാടത്തെ പണിക്കാരും ആവേശത്തിലാണ്.