ചവറ: നീണ്ടകരയിലെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഡോ.സുജിത്ത് വിജയൻ പിള്ളയ്ക്ക് കടലോളം ആഴത്തിലുള്ള സ്നേഹ സ്വീകരണമാണ് ഇന്നലെ നൽകിയത്.സ്വീകരണ കേന്ദ്രങ്ങളിൽ എല്ലാം തന്നെ അകാലത്തിൽ പൊലിഞ്ഞ തന്റെ അച്ഛൻ ചെയ്തതും തുടങ്ങി വെച്ചതുമായ കാര്യങ്ങൾ എണ്ണിപ്പറഞ്ഞ് വോട്ട് ചോദിക്കുകയാണ് സ്ഥാനാർത്ഥി. എം.എൽ.എ ആയിരിക്കേ തന്റെ അച്ഛൻ അവസാനമായി പങ്കെടുത്ത പരിപാടി മന്ത്രി കെ.കെ. ഷൈലജയോടൊപ്പം നീണ്ടകര ഗവ.ആശുപത്രിയിലെ കല്ലീടീൽ പ്രോഗ്രാമായിരുന്നുവെന്നും അച്ഛന്റെ ചിരകാല സ്വപ്നമായിരുന്നു നീണ്ടകര ആശുപത്രി എന്നും നിറകണ്ണുകളോടെയാണ് സുജിത്ത് വിജയൻ ഓർത്തെടുത്തത്.
ഇന്നലെ രാവിലെ മുതൽ തന്നെ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും കൈകുഞ്ഞുമായും മറ്റും സ്ത്രീകളും കുട്ടികളും മത്സ്യത്തൊഴിലാളികളും പ്രായമായ മുത്തശ്ശിമാരുമുൾപ്പടെയുള്ളവർ മാലകൾ, ബൊക്കകൾ, തോർത്ത്, ഷാൾ, പൂമാല, ചുവന്നറോസാപ്പൂക്കൾ, റിബണുകൾ, കണിക്കൊന്നപ്പൂക്കൾ, ചെണ്ടുകൾ, ചെമ്പരത്തിപ്പൂക്കൾ എന്നിവ നൽകിയപ്പോൾ ചിലർ പഴവർഗങ്ങൾ, കരിയ്ക്ക്, പാൽപ്പായസം എന്നിവ നൽകിയാണ് സുജിത്തിനെ സ്വീകരിച്ചത്. നീണ്ടകര വില്ലേജിലെ ലക്ഷംവീട് കോളനിയിൽ നിന്ന് ആരംഭിച്ച സ്വീകരണം കടകത്ത്ഭാഗം, മണ്ണാത്തറ, പന്നയ്ക്കൽ തുരുത്ത്, വെളുത്തുരുത്ത്, പുത്തൻതുരുത്ത്, ദളവാപുരം, ആനാംകണ്ടം, അമ്പിളിമുക്ക്, ടാഗോർ നഗർ, നീലേശ്വരം തോപ്പ്, മേരിലാന്റ്, കണ്ണാട്ടുകുടിഭാഗം, മാമൻതുരുത്ത്, പോർട്ട്കോളനി, നീണ്ട കരഹാർബർ, കടപ്പുറം, വടക്കേകുന്നേൽ, കുട്ടി നഴികം, അഞ്ചപ്പുരപുതുവൽ, ഡയറിഫാം, ചന്ദ്രവിലാസം, പാട്ടിയേഴുത്ത് ഭാഗം കാവനേഴുത്ത്ഭാഗം, നീലലക്ഷ്മിക്കുന്നേൽ, മൈനാകം ജംഗ്ഷൻ, തട്ടാശ്ശേരിപുതുവൽ, ആൽത്തറമൂട്,മുടുവിള, ആൽത്തറബീച്ച് ഫിഷർമെൻകോളനി, ഫിഷർമെൻ കോളനികിഴക്ക്, ഫിഷർമെൻ കോളനി പടിഞ്ഞാറ്, ചൈതന്യനഗർ, എ.എം.സി മുക്ക്, താഴത്തുരുത്ത് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി 7 മണിക്ക് പണ്ഡിറ്റ് കറുപ്പൻ നഗറിൽ സമാപിച്ചു.നൂറു കണക്കിന് ഇരുചക്രവാഹനങ്ങൾ, ചെണ്ടമേളം, ബാന്റ് മേളം എന്നിവയുടെ അകമ്പടിയോടെയാണ് സ്വീകരണം നടന്നത് .സ്വീകരണ കേന്ദ്രങ്ങളിൽ എല്ലാം തന്നെ ആവേശോജ്ജ്വലമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.