ഓച്ചിറ: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന് കീഴിലുള്ള ഓച്ചിറയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ ഭൂമിയുടെ വാർഷിക പാട്ടനികുതി വർദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായി. 2012ൽ 1,013 രൂപയായിരുന്ന നികുതിയാണ് 2020ൽ 7.32 ലക്ഷമായി കുത്തനെ ഉയർത്തിയത്.

35 വർഷത്തെ കുത്തകപാട്ട വ്യവസ്ഥയിൽ 2012ൽ അന്നത്തെ യു.ഡി.എഫ് സർക്കാർ 13 സെന്റ് സ്ഥലം 1,013 രൂപ പാട്ടനികുതി നിശ്ചയിച്ചാണ് കരുനാഗപ്പള്ളി യൂണിയന് പതിച്ച് നൽകിയത്. മൂന്ന് വർഷം കൂടുമ്പോൾ നികുതി പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു വ്യവസ്ഥ. 2016-17ൽ വാർഷിക നികുതി 25,029 രൂപയായി ഉയർത്തി. അമിതമായ നികുതി വർദ്ധനവിനെ യൂണിയൻ നേതാക്കൾ എതിർത്തെങ്കിലും പുതുക്കിയ നികുതി അടച്ചശേഷം ഭൂമി പതിച്ചുനൽകുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനും സർക്കാർ നിശ്ചയിക്കുന്ന തുക അടച്ച് ഭൂമി നൽകുന്നതിന് നടപടി സ്വീകരിക്കാമെന്നും റവന്യു ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.

2020 മുതൽ മൂന്ന് വർഷത്തേക്ക് 7,32,500 രൂപയും പലിശ ഉൾപ്പടെയുള്ള പിഴയും അടയ്ക്കാനാണ് യൂണിയൻ നേതൃത്വത്തിന് റവന്യു വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. തുക അടച്ചില്ലെങ്കിൽ സ്ഥലം ഏറ്റെടുക്കുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്. അമിതമായി നികുതി വർദ്ധിപ്പിച്ച് ഗുരുദേവ ക്ഷേത്രം ഭൂമി ഭക്തരിൽ നിന്ന് പിടിച്ചെടുക്കാനുള്ള നടപടിയെ ശക്തമായി എതിർക്കുമെന്നും ഭൂമി എസ്.എൻ.ഡി.പി യൂണിയന് പതിച്ച് നൽകണമെന്നും യൂണിയൻ സെക്രട്ടറി എ. സോമരാജൻ ആവശ്യപ്പെട്ടു.

 പ്രതിഷേധാർഹം: അടൂർ പ്രകാശ്

ഓച്ചിറയിലെ ഗുരുക്ഷേത്ര ഭൂമിയുടെ പാട്ട തുക ഏഴര ലക്ഷമായി ഉയർത്തിയത് തികച്ചും പ്രതിഷേധാർഹവും സർക്കാരിന്റെ കെടുകാര്യസ്ഥതയും ജനപ്രതിനിധിയുടെ പിടിപ്പുകേടുമാണെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. വർഷങ്ങളായി ഓച്ചിറയിലെ ഗുരുദേവ ഭക്തരുടെ കൈവശമുള്ള 13 സെന്റ് സ്ഥലം താൻ റവന്യു മന്ത്രിയായിരിക്കെ അന്നത്തെ എം.എൽ.എയുടെ ശുപാർശ പ്രകാരമാണ് കരുനാഗപ്പള്ളി യൂണിയന് കൈമാറിയത്. സാമൂഹിക സംഘടനകളോടും മതസ്ഥാപനങ്ങളോടും യു.ഡി.എഫ് സർക്കാർ പുലർത്തിയിരുന്ന നീതിപൂർവമായ നിലപാടിന്റെ ഭാഗമായിരുന്നു ഇതെന്നും എം.പി പറഞ്ഞു.