c
ഷിബു

കുണ്ടറ: വയോധികനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൊച്ചുമകളുടെ ഭർത്താവ് അറസ്റ്റിൽ. കൊറ്റങ്കര വായനശാലാ ജംഗ്ഷനിൽ മേലൂട്ടുകാവ് മനക്കര കിഴക്കതിൽ ഷിബുവിനെയാണ് (33) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. ഷിബുവിന്റെ ഭാര്യ അനിതയുടെ അപ്പൂപ്പൻ പുരുഷോത്തമൻ ആചാരിയാണ് (75) കൊല്ലപ്പെട്ടത്.

ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഷിബു നിരന്തരമായി ഭാര്യയെ ഉപദ്രവിച്ചിരുന്നു. പുരുഷോത്തമൻ ഇത് ചോദ്യംചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നുണ്ടായ കൈയാങ്കളിക്കിടെ പുരുഷോത്തമനെ ഷിബു മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തിയശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

ഷിബു കുണ്ടറ സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം.