കൊവിഡ് പ്രതിദിന കണക്ക് ഉയരുന്നു
കൊല്ലം: ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ പ്രതിദിന കൊവിഡ് കണക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ പ്രതിദിനം നൂറിൽ താഴെ കൊവിഡ് സ്ഥിരീകരിച്ച ജില്ലയിൽ ഇപ്പോൾ ഇരുന്നൂറിലധികം പേർക്ക് രോഗം ബാധിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാണെങ്കിലും പൊതുസമൂഹത്തിൽ ജാഗ്രതക്കുറവുണ്ടാകുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. തുടക്കത്തിൽ ജനങ്ങൾക്ക് ഉണ്ടായിരുന്ന ഭയം കാലക്രമേണ വിട്ടകന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്.
വേണം എസ്.എം.എസ്
'സോപ്പ്, മാസ്ക്, സാനിറ്റൈസർ' എന്നിവ ഉപയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ബോധവത്കരണ പരിപാടിയാണ് എസ്.എം.എസ്. നിലവിൽ പലരും സാനിറ്റൈസർ ഉൾപ്പെടെയുള്ളവയുടെ ഉപയോഗം ഉപേക്ഷിച്ച മട്ടാണ്. ഇവയുടെ ഉപയോഗം നിർബന്ധമായും തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. കൊവിഡ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ വാക്സിൻ സ്വീകരിച്ചവരും മാസ്കുൾപ്പെടെ ഉപയോഗിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കൊട്ടിക്കലാശം വേണ്ടെന്ന് പൊലീസ്
പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് അരങ്ങേറുന്ന കൊട്ടിക്കലാശം ഇത്തവണ ഒഴിവാക്കാക്കണമെന്ന് പൊലീസ്. ഇതിനായി അതത് പൊലീസ് സ്റ്റേഷനുകൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും രാഷ്ട്രീയകക്ഷികൾക്ക് അറിയിപ്പ് നൽകണമെന്നും നിർദ്ദേശം നൽകിക്കഴിഞ്ഞു. ചിലയിടങ്ങളിൽ ഇപ്പോൾത്തന്നെ നൂറിലധികം പേർ പങ്കെടുത്ത റാലികളും യോഗങ്ങളും നടന്നുകഴിഞ്ഞു. ഇത് കൊവിഡ് രൂക്ഷമാകാൻ വഴിവയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് കർശന നിയന്ത്രണമേർപ്പെടുത്തുന്നത്.
കരുതലുണ്ടാകണം
1. കൂട്ടംകൂടലും അനാവശ്യ ഗൃഹസന്ദർശനവും ഒഴിവാക്കണം
2. പ്രചാരണത്തിൽ പങ്കെടുക്കുന്നവർ തമ്മിൽ നിശ്ചിത അകലം ഉറപ്പാക്കണം
3. വോട്ടർമാർക്കുള്ള സ്ലിപ്പുകൾക്ക് പകരം വാക്കാൽ നിർദ്ദേശം നൽകണം
4. ബൂത്ത് ഓഫീസുകളിൽ നിശ്ചിത ആളുകൾ മാത്രം
6. വോട്ടർമാരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം
7. പ്രചാരണത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ രാഷ്ട്രീയ നേതൃത്വം ഇടപെടണം
8. സാമൂഹ്യസുരക്ഷ ഓരോ പൗരന്റെയും കടമയാണെന്ന ബോദ്ധ്യത്തോടെ പ്രവർത്തിക്കണം