കൊല്ലം: കൊല്ലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ബിന്ദുകൃഷ്ണ തിളക്കമാർന്ന വിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പള്ളിത്തോട്ടത്ത് സംഘടിപ്പിച്ച യു.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലത്തിന് ഇനിയുള്ള 5 വർഷക്കാലം നാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന എം.എൽ.എയെയാണ് ആവശ്യം. ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷയായിരിക്കേ ബിന്ദുകൃഷ്ണ നടത്തിയ കഠിനപ്രയത്നങ്ങൾക്കുള്ള അംഗീകാരമായിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എ.കെ. ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, പ്രതാപവർമ്മ തമ്പാൻ, പി.ആർ. പ്രതാപചന്ദ്രൻ, ആർ. രമണൻ, എസ്. നാസറുദ്ദീൻ, കൃഷ്ണവേണി ശർമ്മ, ഗീതാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.