തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ച വാളയാർകേസ് സി.ബി.ഐ
ഏറ്റെടുത്തതോടെ രണ്ട് പെൺമക്കളുടെ ദുരൂഹമരണത്തിൽ മനംനൊന്ത് കഴിയുന്ന അമ്മയുടെ കണ്ണീരിന് ഇനിയെങ്കിലും പരിഹാരമാകുമോ?
മക്കളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കാൻ തല മുണ്ഡനം ചെയ്തും മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് നീതിയ്ക്കും ധർമ്മത്തിനുമായി ജനഹിതം തേടിയും കേരളത്തിന്റെ മനഃസാക്ഷിയ്ക്ക് തീരാനൊമ്പരമായിരിക്കെ സി.ബി.ഐയിലാണ് ഇനി നാടിന്റെ പ്രതീക്ഷ. അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റ് പാലക്കാട് പോക്‌സോ കോടതിയിൽ രണ്ട് എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്തു.
രണ്ട് പെൺകുട്ടികളുടെ മരണവും രണ്ട് എഫ്.ഐ.ആറുകളായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാൽസംഗക്കുറ്റം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ.ആർ. ഇതോടൊപ്പം കേസിൽ നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും സി.ബി.ഐ പോക്‌സോ കോടതിയിൽ സമർപ്പിച്ചു.
ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വാളയാർ കേസിൽ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തത്.
# വാളയാർ ഒരുഫ്ളാഷ് ബാക്ക്
2017 ജനുവരി 13ന് പതിമ്മൂന്നുകാരിയായ ചേച്ചിയെയാണ് ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുമാസത്തിനുശേഷം ഒമ്പതുകാരി അനിയത്തിയെയും. അട്ടപ്പള്ളത്ത് കുടുംബം താമസിക്കുന്ന ഷെഡ്ഡിലാണ് മൂത്തകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അന്നുതന്നെ നാട്ടുകാരുൾപ്പെടെ കുറച്ച് പേരെ പൊലീസ് പിടികൂടിയെങ്കിലും രാഷ്ട്രീയസമ്മർദ്ദത്തെത്തുടർന്ന് വിട്ടയച്ചു. പെൺകുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന സംശയം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായെങ്കിലും അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല.
# ചേച്ചിക്ക് പിന്നാലെ അനിയത്തിയും
2017 മാർച്ച് നാലിനാണ് നാലാം ക്ലാസുകാരിയായ രണ്ടാമത്തെ പെൺകുട്ടിയെ ഇതേ ഷെഡ്ഡിൽ സമാന സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്തകുട്ടിയുടെ മരണത്തിലെ ഏക സാക്ഷികൂടിയായിരുന്നു രണ്ടാമത്തെ പെൺകുട്ടി. ഇതോടെയാണ് മരണത്തിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി അച്ഛനമ്മമാരും പിന്നാലെ വിവിധ സംഘടനകളും രാഷ്ട്രീയകക്ഷികളും രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ദുരൂഹമരണം ചർച്ചയായതോടെ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.
അഞ്ചുപ്രതികൾ
കേസിൽ പ്രായപൂർത്തിയാവാത്ത ഒരാളടക്കം അഞ്ചുപേരായിരുന്നു പ്രതികൾ. പാമ്പാംപള്ളം കല്ലങ്കാട് വി. മധു, ഇടുക്കി രാജാക്കാട്ട് നാലുതെക്കൻവീട്ടിൽ ഷിബു, പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകൻ എം. മധു, ആലപ്പുഴ ചേർത്തല സ്വദേശി പ്രദീപ്കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാമതായി പതിനാറുകാരനായ ഒരാളെക്കൂടി പ്രതിചേർത്തു.
# വിചാരണ
2019ൽ പാലക്കാട് പോക്‌സോ കോടതിലായിരുന്നു കേസിന്റെ വിചാരണ. 2019 മാർച്ചിൽ കേസിന്റെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജിനെ മാറ്റി ജലജാ മാധവനെ നിയോഗിച്ചു. പക്ഷേ, മൂന്നുമാസത്തിനുള്ളിൽ ലതാ ജയരാജ് വീണ്ടും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി. ഇതും രാഷ്ട്രീയവിവാദങ്ങൾക്ക് വഴിവച്ചു.
# പ്രതികൾ രക്ഷപ്പെട്ടു, കമ്മിഷൻ റിപ്പോർട്ടും മുക്കി
2019 ഒക്ടോബർ 15ന് കേസിലെ നാലാം പ്രതി പ്രദീപ് കുമാറിനെ പോക്‌സോകോടതി വെറുതെവിട്ടു. ഇതിനുപിന്നാലെ മറ്റ് മൂന്ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെ വിചാരണ കോടതി കുറ്റവിമുക്തരാക്കി. ഇതോടെ അച്ഛനമ്മമാർ വീണ്ടും നീതിക്കായി പോരാട്ടത്തിനിറങ്ങി. രക്ഷിതാക്കൾ നീതിസമരം നടത്തി.
നിതിതേടി സർക്കാരിനെ സമീപിച്ചതിനാൽ പൊലീസിന്റെയും പ്രോസിക്യൂട്ടറുടെയും വീഴ്ച അന്വേഷിക്കാൻ സർക്കാർ പി.കെ. ഹനീഫ കമ്മിഷനെ നിയോഗിച്ചെങ്കിലും നാളിതുവരെയും റിപ്പോർട്ട് പുറത്തുവന്നില്ല. പൊലീസിനും പ്രോസിക്യൂട്ടർക്കും വീഴ്ച പറ്റിയെന്ന് സർക്കാരും തുറന്ന് സമ്മതിച്ചെങ്കിലും നീതി മാത്രം ലഭിച്ചില്ല. പോരാത്തതിന് ആരോപണവിധേയരായ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും നൽകി. ആദ്യം കേസന്വേഷിച്ചത് എസ്.ഐ. ചാക്കോ ആയിരുന്നു. പിന്നീട് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയായിരുന്ന എം.ജെ. സോജനായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല.
വാളയാർ: കേസിന്റെ നാൾവഴികൾ
• 2017 ജനുവരി 13: വാളയാർ അട്ടപ്പള്ളത്ത് പതിമ്മൂന്നുകാരി വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ
• 2017 മാർച്ച് 4: രണ്ടാമത്തെ പെൺകുട്ടിയും സമാനസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ
• 2017 മാർച്ച് 5 :ദുരൂഹത ആരോപിച്ച് അച്ഛനമ്മമാർ രംഗത്ത്, വാളയാറിൽ രാഷ്ട്രീയപാർട്ടികളുടെ സമരം
• 2017 മാർച്ച് 6 :കേസന്വേഷിക്കാൻ എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം. മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.
• 2017 മാർച്ച് 7 :സഹോദരിമാർ പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
• 2017 മാർച്ച് 8: വാളയാർ എസ്.ഐ. പി.സി. ചാക്കോയെ മാറ്റി അന്വേഷണസംഘത്തെ പുനഃസംഘടിപ്പിച്ചു. പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതല നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എം.ജെ. സോജൻ ഏറ്റെടുത്തു
• 2017 മാർച്ച് 8:മൂത്തകുട്ടിയുടെ മരണത്തിലെ വീഴ്ച അന്വേഷിക്കാൻ മലപ്പുറം എസ്.പി. ദേബേഷ് കുമാർ ബെഹ്റയെയും ചുമതലപ്പെടുത്തി.
• 2017 മാർച്ച് 9 :പെൺകുട്ടികളുടെ ദൂരൂഹമരണക്കേസിൽ ആദ്യ അറസ്റ്റ്. പാമ്പാംപള്ളം കല്ലങ്കാട് വി. മധു, ഇടുക്കി രാജക്കാട്ട് നാലുതെക്കൻവീട്ടിൽ ഷിബു എന്നിവരെ പ്രതിചേർത്തു
• 2017 മാർച്ച് 10 :കേസിൽ മറ്റുരണ്ടുപേരെയും അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകൻ എം. മധു, ആലപ്പുഴ ചേർത്തല സ്വദേശി പ്രദീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. മാർച്ച് 18ന് അഞ്ചാമതായി പതിനാറുകാരനായ ഒരാളെക്കൂടി പ്രതിചേർത്തു
• 2017 ജൂൺ 22 :പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി കോടതിയിൽ കുറ്റപത്രം. പ്രതികൾക്കെതിരെ പോക്‌സോ, ആത്മഹത്യാ പ്രേരണാകുറ്റം, പട്ടികജാതിപട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം എന്നീ വകുപ്പുകൾ ചുമത്തി
• 2019 ഒക്ടോബർ 15: തെളിവുകളുടെ അഭാവത്തിൽ മൂന്നാംപ്രതിയായ ചേർത്തലസ്വദേശി പ്രദീപ് കുമാറിനെ പാലക്കാട് സെഷൻസ് കോടതി വെറുതെവിട്ടു
• 2019 ഓക്ടോബർ 25: പ്രതികളായ എം. മധു, വി. മധു, ഷിബു എന്നിവരെയും കോടതി വെറുതെവിട്ടു.
• 2019 ഒക്ടോബർ 26: പുനരന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അച്ഛനമ്മമാർ സമരം ശക്തമാക്കി. രാഷ്ട്രീയപാർട്ടികളും പ്രതിഷേധത്തിൽ
• 2019 നവംബർ 13: സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അച്ഛനമ്മമാർ ഹൈക്കോടതിയിൽ
• 2019 നവംബർ 19: വാളയാർ കേസിലെ സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ലത ജയരാജിനെ സർക്കാർ പുറത്താക്കി
• 2019 നവംബർ 19: വാളയാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
• 2019 നവംബർ 20: പോലീസിന്റെയും പ്രോസിക്യൂട്ടറുടെയും വീഴ്ച അന്വേഷിക്കാൻ ജുഡിഷ്യൽ അന്വേഷണ കമ്മിഷൻ
• 2020 മാർച്ച് 16: ഹൈക്കോടതിയുള്ള അപ്പീൽ ഹർജികളിൽ കോടതി വാദം തുടങ്ങി. വാളയാർ കേസിൽ വെറുതേവിട്ട പ്രതികളെ അറസ്റ്റുചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു.
• 2020 ഒക്ടോബർ : കേസന്വേഷണത്തിൽ വീഴ്ചവരുത്തിയ എസ്.ഐ. ചാക്കോ, ഡിവൈ.എസ്.പി. എം.ജെ. സോജൻ എന്നിവർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം
• 2020 ഒക്ടോബർ 25: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് വാളയാറിൽ മാതാപിതാക്കളുടെ നീതിസമരം
2021 ഫെബ്രുവരി 27: വാളയാർ പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചു
2021 മാർച്ച് 16: വാളയാർ പെൺകുട്ടികളുടെ അമ്മ ധർമ്മടത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി.
2021 മാർച്ച് 17: ധർമ്മടത്ത് വാളയാർ പെൺകുട്ടികളുടെ അമ്മ നാമനിർദേശപത്രിക സമർപ്പിച്ചു.