2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ ഒരു ചരിത്രം പിറന്നു. ആദ്യമായി അവിടെ ഒരു ആർ.എസ്.പി ഇതര സ്ഥാനാർത്ഥി വിജയിച്ചു. ചവറയിലെ ജനങ്ങൾ രാഷ്ട്രീയത്തിനതീതമായി എൻ. വിജയൻപിള്ള എന്ന മനുഷ്യസ്നേഹിയെ ഹൃദയത്തിലേറ്റി. ആ വിധിയെഴുത്ത് പിഴച്ചില്ല. വിജയൻപിള്ള ചവറയുടെ ജനകീയ എം.എൽ.എയായി. വിധി ചവറക്കാരുടെ ആ സൗഭാഗ്യത്തെ അതിവേഗം തട്ടിയെടുത്തു. ചവറക്കാർക്ക് നഷ്ടമായത് കേവലം ഒരു എം.എൽ.എയെ ആയിരുന്നില്ല. നന്മയുടെ മഹാവൃക്ഷത്തെയാണ്. കാരുണ്യമായിരുന്നു വിജയൻപിള്ളയുടെ കൈമുതൽ. ഗുരുദേവൻ പറഞ്ഞത് പോലെ മനുഷ്യത്വമായിരുന്നു വിജയൻപിള്ളയുടെ ജാതിയും മതവും. രാഷ്ട്രീയത്തിനപ്പുറം വിജയൻപിള്ളയിലെ മനുഷ്യത്വത്തിനാണ് ചവറക്കാർ ഹൃദയമുദ്ര ചാർത്തിയത്.
അച്ഛന്റെ സ്വപ്നങ്ങൾ സാർത്ഥകമാക്കാൻ മകൻ ഡോ. സുജിത്ത് വിജയൻപിള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഇത്തവണ ചവറയിൽ ജനവിധി തേടുകയാണ്. സുജിത്ത് വിജയനെ കാണുമ്പോൾ ചവറക്കാരുടെ വിജയണ്ണൻ നിറചിരിയോടെ വരുന്നതായാണ് പലർക്കും തോന്നുന്നത്. പലരും കരഞ്ഞുകൊണ്ടാണ് വോട്ട് ഉറപ്പ് പറയുന്നത്. ചിലർ വിജയൻപിള്ള ചെയ്തിട്ടുള്ള സഹായങ്ങളെക്കുറിച്ച് പറയും. വിജയണ്ണനെ പോലെ സൗമ്യമായാണ് സുജിത്തിന്റെയും പെരുമാറ്രം. അങ്ങനെ 2016ന് സമാനമായ അന്തരീക്ഷം അവിടെ ഇപ്പോൾ രൂപപ്പെട്ടുവെന്നാണ് പലരും പറയുന്നത്. എല്ലാ മേഖലകളിലും എൽ.ഡി.എഫിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ രാഷ്ട്രീയത്തിന് അതീതമായി നൂറുകണക്കിന് പേർ അണിനിരക്കുകയാണ്.
ചവറയിലെ ശ്രീനാരായണീയർ വിജയൻപിള്ളയെ കുറിച്ച് പങ്കുവയ്ക്കുന്ന ചില സമീപകാല ഓർമ്മകളുണ്ട്. മൂന്നുവർഷം മുൻപ് ഒരു ഗുരുമന്ദിരത്തിന്റെ സമർപ്പണ ചടങ്ങ്. സംഘാടകർ ശിവഗിരിയിലെ സന്യാസിമാരെയും യോഗം ഭാരവാഹികളെയും മാത്രമേ ക്ഷണിച്ചിരുന്നുള്ളു. രാവിലെ ചടങ്ങ് നടക്കവേ വിജയൻപിള്ള എം.എൽ.എ അതുവഴി കടന്നുപോയി. ഗുരുമന്ദിരത്തിന് മുന്നിൽ വലിയൊരു ആൾക്കൂട്ടം കണ്ട് വിജയൻപിള്ള തിരിച്ചെത്തി സദസിന്റെ പിൻനിരയിൽ ഇരുന്നു. ഇതുകണ്ട സംഘാടകൾ അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചു. അന്ന് വൈകിട്ട് നടന്ന പൊതുസമ്മേളനത്തിലും അദ്ദേഹം വിളിക്കാതെയെത്തി. എം.എൽ.എ ആകുന്നതിന് മുൻപും അദ്ദേഹം ഇങ്ങനെയായിരുന്നു. മകൻ ഡോ. സുജിത്ത് വിജയനും വിജയണ്ണനപ്പോലെയാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് തീരെ ആഗ്രഹിച്ചിരുന്നില്ല. എൽ.ഡി.എഫ് നേതാക്കളുടെയും പൊതുജനങ്ങളുടെയും നിർദ്ദേശ പ്രകാരമാണ് കളത്തിലിറങ്ങിയത്.
അല്പം വർത്തമാനം
ചവറയിൽ വിജയൻപിള്ള രചിച്ച ചരിത്രം ആവർത്തിക്കുമോ?
അത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. വോട്ട് ചോദിച്ച് ചെല്ലുമ്പോഴുള്ള ജനങ്ങളുടെ പ്രതികരണം വലിയ പ്രതീക്ഷ നൽകുന്നു. രാഷ്ട്രീയ അന്തരീക്ഷവും അനുകൂലമാണ്. വിജയിച്ചാൽ കൂടുതൽ എളിമയോടെ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് എന്റെ സ്വപ്നം.
തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നോ?
അങ്ങനെയൊരു ആഗ്രഹവും ഉണ്ടായിരുന്നില്ല. അച്ഛന്റെ മരണശേഷം ഉപതിരഞ്ഞെടുപ്പ് സാദ്ധ്യത തെളിഞ്ഞപ്പോൾ എല്ലാവരുടെയും ചോദ്യം ഇതായിരുന്നു. ഏതെങ്കിലും പൊതുചടങ്ങിൽ പങ്കെടുത്താൽ തന്നെ അത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുകയെന്ന ലക്ഷ്യത്തോടെയാണെന്ന് അന്ന് പ്രചാരണമുണ്ടായി. അച്ഛൻ ചവറയിലെ എല്ലാക്കാര്യങ്ങൾക്കും വിളിക്കാതെ ചെല്ലുമായിരുന്നു. രാഷ്ട്രീയത്തിൽ കാൽവയ്ക്കേണ്ടെന്നായിരുന്നു കുടുംബത്തിന്റെ പൊതുവായ തീരുമാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞപ്പോഴാണ് സ്ഥാനാർത്ഥിയാകാൻ സമ്മതിച്ചത്.
എന്തൊക്കെയാണ് പ്രചാരണ വിഷയങ്ങൾ?
എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങളാണ് പ്രധാനമായും പറയുന്നത്. അതിനൊപ്പം അച്ഛൻ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും പറയുന്നുണ്ട്. ക്ഷേമ പെൻഷൻ മുടങ്ങാതെ കിട്ടണം. സർക്കാർ ആശുപത്രികൾക്കും സർക്കാർ സ്കൂളുകൾക്കും ഇപ്പോഴുണ്ടായ മുന്നേറ്റം തുടരണം എന്നൊക്കെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്.
പൂർത്തിയാക്കാനാകാത്ത സ്വപ്നങ്ങളെ കുറിച്ച് അച്ഛൻ പറഞ്ഞിട്ടുണ്ടോ?
അതീവ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും അച്ഛന്റെ മനസ് നിറയെ ചവറയായിരുന്നു. അച്ഛന്റെ അവസാന നാളുകളിൽ ഞാൻ ഒപ്പമുണ്ടായിരുന്നു. ഓർമ്മ നഷ്ടമായി അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇടയ്ക്ക് ഓർമ്മ വന്നപ്പോൾ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ കാണാനെത്തി. അന്ന് മന്ത്രിയോട് പറഞ്ഞത് ചിറ്റൂരിലെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുന്നതിനെക്കുറിച്ചും കോവിൽത്തോട്ടത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പാക്കേജിനെ കുറിച്ചുമായിരുന്നു. അച്ഛൻ മരിച്ചപ്പോൾ മേഴ്സിക്കുട്ടിഅമ്മ ആ വാക്കുകളെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയിരുന്നു. അച്ഛന്റെ ആഗ്രഹം സഫലമാക്കാൻ പരമാവധി പരിശ്രമിക്കും. ഫാത്തിമ ഐലൻഡ് പാലവും താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടവുമൊക്കെ യാഥാർത്ഥ്യമായി വരുകയാണ്.